ആലപ്പുഴ: ചൂരൽമല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉൾപ്പടെയുള്ള സർക്കാർ പരിപാടികൾ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചതെന്നും സർക്കാർ തന്നെ ഇടപെട്ട് പൂർവാധികം ഭംഗിയായി വള്ളംകളി സംഘടിപ്പിക്കുകയാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റിൽ വിളിച്ചുചേർത്ത നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വള്ളംകളി കേരളത്തിന്റെ വികാരമാണ്. അത് വളരെ ഭംഗിയായി നടത്താൻ ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമേ ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ പരിഗണനയിലാണ്. മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ കളക്ടറെ ചുമതലപ്പെടുത്തി. വിവിധ കമ്മറ്റികളുടെ അവലോകനവും യോഗത്തിൽ നടന്നു. ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ മാരായ പി.പി.ചിത്തരജ്ഞൻ, എച്ച്.സലാം, നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, സബ്കളക്ടർ സമീർ കിഷൻ തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളും പങ്കെടുത്തു.