bus

അമ്പലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പഴയ നടക്കാവ് റോഡുവഴി അമ്പലപ്പുഴയ്ക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ആലപ്പുഴ-ആമയിട ബസ് സർവീസ് ഉണ്ടായിരുന്നതാണ്. എന്നാൽ,​ പിന്നീട് റോഡ് പുനരുദ്ധാരണത്തിന്റെ

പേരിൽ നിർത്തലാക്കിയ സർവീസ് ഇനിയും പുനസ്ഥാപിച്ചിട്ടില്ല.

പഴയ നടക്കാവ് റോഡ് വഴി വണ്ടാനം ആശുപത്രി വരെ കഴിഞ്ഞ മാസം ബസ് സർവീസ് ആരംഭിച്ചിരുന്നു. എസ്.എൻ കവല - കഞ്ഞിപ്പാടം റോഡിൽ കൊപ്പാറക്കടവിലെത്തി എസ്.എൻ കവലയിൽ ചെന്ന് ദേശീയ പാതയിലൂടെ വണ്ടാനത്ത് എത്തുന്നതാണ് ഈ സർവീസ്. എന്നാൽ,​ കളർകോട്, പറവൂർ ,പുന്നപ്ര ,വണ്ടാനം, കഞ്ഞിപ്പാടം, കാക്കാഴം തുടങ്ങിയ ഭാഗങ്ങളിലെ യാത്രക്കാർക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നാണ് പറയുന്നത്. പഴയ നടക്കാവ് റോഡിലൂടെ അമ്പലപ്പുഴ ക്ഷേത്രം വരെ സർവീസ് നടത്തിയാൽ മാത്രമേ യാത്രാക്ലേശത്തിന് പരിഹാരമാകൂ. ഈ പ്രദേശങ്ങളിൽ നിന്ന് അമ്പലപ്പുഴക്കും തിരിച്ചും ദിവസേന നിരവധി പേരാണ് യാത്ര ചെയ്യുന്നത്.

യാത്രാക്ലേശത്താൽ നിവൃത്തിയില്ല

1.ദേശീയപാത നവീകരണം തുടങ്ങിയത് മുതൽ ഏറെ ക്ലേശം സഹിച്ചാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. പഴയ നടക്കാവ് റോഡ് വഴി ബസ് സർവീസ് തുടങ്ങിയാൽ ഇതിന് ഒരുപരിധി വരെ പരിഹാരമാകും

2.ദേശീയപാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് കാരണം വെയിലും പൊടിയും മഴയും സഹിച്ച് യാത്രക്കാർ കാത്തുനിൽക്കേണ്ട അവസ്ഥയാണ്

3. പല സ്ഥലങ്ങളിലെയും റോഡിലെ ഉയരത്താഴ്ചകൾ വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്

4.നിരവധി സ്കൂളുകളും ഓഫീസുകളും പഴയ നടക്കാവ് റോഡിന് സമീപം പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ എത്തേണ്ടവർക്ക് ഇതുവഴിയുള്ള ബസ് സർവീസ് ഏറെ ഗുണകരമാകും

കളർകോട് മുതൽ അമ്പലപ്പുഴ വരെയുള്ള ദേശീയ പാതയുടെ കിഴക്കൻ പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനകരമായ പഴയ നടക്കാവ് റോഡിലൂടെയുള്ള ബസ് സർവ്വീസ് പുനരാരംഭിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. അത് എത്രയും വേഗം അധികൃതർ നടപ്പാക്കണം

-ഹസൻ പൈങാമഠം പൊതുപ്രവർത്തകൻ.