
ആലപ്പുഴ: ടൂറിസം സീസൺ എത്തും മുമ്പേ കായൽസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. നെഹ്രുട്രോഫി വള്ളംകളിയും പൂജ അവധിയും എത്തുന്നതോടെ പുന്നമടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇത് മേഖലയ്ക്ക് ഉണർവ് പകരും. മത്സരവള്ളംകളി കാണാനും കായൽ യാത്ര ആസ്വദിക്കാനുമായി ഒട്ടുമിക്ക ഹൗസ് ബോട്ടുകളും
ഹോട്ടലുകളും ഇതിനകം തന്നെ ബുക്കിംഗ് ആയിക്കഴിഞ്ഞു. ഏജൻസികളുടെ ടൂർ പാക്കേജ് വഴിയെത്തുന്ന സഞ്ചാരികളാണ് ഇവരിൽ അധികവും. സ്പെയിൻ, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ മുന്നിൽ. ഓണസീസണിൽ പോലും പ്രതീക്ഷിച്ചതുപോലെ സഞ്ചാരികൾ എത്താതിരുന്നത് മേഖലക്ക് തിരിച്ചടിയായിരുന്നു. ഇത് വരുംദിവസങ്ങളിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
ഉണർവായി നെഹ്രുട്രോഫി വള്ളംകളി
1.തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലെത്തുന്നുണ്ട്. പൂജ അവധിക്ക് വരവ് ഇനിയും കൂടാനാണ് സാദ്ധ്യത
2. ഇറ്റലി, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ വേഗ ബോട്ട്, സീ കുട്ടനാട് എന്നിവയ്‌ക്കൊപ്പം വാട്ടർടാക്‌സിക്കും നല്ല ഡിമാന്റാണ്
3.നെഹ്രുട്രോഫിവള്ളം കളിയോടെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ഉടമകളും ടൂറിസം സംരംഭകരും.
4. ആലപ്പുഴ, വലിയഴീക്കൽ, തോട്ടപ്പള്ളി, മാരാരി, തൈക്കൽ, അന്ധകാരനഴി ബീച്ചുകളിലും അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും വർദ്ധിക്കാൻ സാദ്ധ്യയുണ്ട്
കൊവിഡിനെ തുടർന്ന് വിദേശികളുടെ വരവ് കുറയുകയും ഹൗസ് ബോട്ട് മേഖല ഉൾപ്പടെയുള്ള വിനോദസഞ്ചാര വ്യവസായം തകർച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി. നെഹ്രുട്രോഫി ജലോത്സവത്തിലാണ് പ്രതീക്ഷ
-വിനോദ്, പ്രസിഡന്റ്, ഓൾകേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോ.
ജില്ലയിൽ സഞ്ചാരികൾ
ദിവസം : 3500- 4500
അവധി ദിവസം : 5000- 6500
വിദേശികൾ (കഴിഞ്ഞമാസം) : 3000