
ഫലം കണ്ടത് കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടൽ
ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ പ്രവേശിച്ചു തുടങ്ങി. രപ്തിസാഗർ എക്സ്പ്രസാണ് ഇന്നലെ ഇതുവഴി കടത്തിവിട്ടത്. ഒന്നാം പ്ളാറ്റ് ഫോമിൽ ട്രെയിനുകൾ കയറാത്തതിനെത്തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി റെയിൽവേ മന്ത്രിക്ക് കെ.സി വേണുഗോപാൽ എം.പി നൽകിയ കത്തിനെത്തുടർന്ന് ഡിവിഷണൽ റെയിൽവേ ഓപ്പറേഷൻസ് മാനേജരുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.
റെയിൽവേ ബോർഡ് ചെയർമാൻ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരുമായി എം.പി കഴിഞ്ഞ ദിവസങ്ങളിൽചർച്ച നടത്തിയിരുന്നു. ഒന്നാംനമ്പർ പ്ലാറ്റ് ഫോമിൽ ട്രെയിനുകൾ കയറാത്തത് , ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാത്രക്കാരെ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് ചേർത്തലയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ
1.സാങ്കേതികപ്രശ്‌നങ്ങളുടെ പേരിലാണ് ഒന്നാം പ്ലാറ്റ് ഫോമിൽ ട്രെയിനുകൾ പ്രവേശിക്കാതിരുന്നത്
2. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ് ഇവിടെ പ്രധാന ട്രെയിനുകൾ നിറുത്തുന്നത്
3.മേൽപ്പാലം കയറിയിറങ്ങിയാലേ ഈ പ്ളാറ്റ്ഫോമുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ
4. മുതിർന്ന പൗരന്മാർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു
ചേർത്തല സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ഒന്നിൽ കൂടുതൽ ട്രെയിനുകൾ നിറുത്താനുള്ള നടപടികൾ സ്വീകരിക്കും
- റെയിൽവേ
സ്റ്റേഷനിലെ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ലിഫ്റ്റുകളും റാമ്പുകളും, എസ്‌കേലറ്ററുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന് മുൻഗണന നൽകണമെന്നും റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
- കെ.സി.വേണുഗോപാൽ എം.പി