
മാന്നാർ: മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കി യുവാക്കൾ. കടപ്ര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലൂടെ കടന്നു പോകുന്ന പരുമല പള്ളി-പനയന്നാർകാവ് റോഡിലെ കുഴികളാണ് വിദ്യാർത്ഥി ജിൻസണിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളായ ജിത്ത്, സജ്ഞയ് സുരേഷ്, അൻസാഫ് എന്നിവർ ചേർന്ന് നികത്തി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചത്. നിരവധി ഭക്തജനങ്ങളും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന റോഡിലെ വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് ജിൻസണും സുഹൃത്തുക്കളും കുഴികൾ നികത്താൻ മുന്നിട്ടിറങ്ങിയത്. റോഡ് നന്നാക്കണമെന്ന് അധികൃതരോട് പല തവണ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.