
ആലപ്പുഴ: പുതിയ ബൈപ്പാസ് നിർമ്മാണത്തോടെ വഴിയടഞ്ഞ കളപ്പുര ഭാഗത്ത് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്കിറങ്ങാൻ നിലവിൽ വഴിയില്ലാത്ത സ്ഥിതിയാണ്. ആദ്യ ബൈപ്പാസ് നിർമ്മിച്ച സമയത്ത് തന്നെ കളപ്പുര ഭാഗത്ത് നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണമടക്കം നടത്തി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലം കണ്ടില്ല. പിന്നീട് പ്രദേശവാസികൾ തന്നെ താത്കാലിക വഴിയൊരുക്കിയാണ് സഞ്ചരിച്ചിരുന്നത്. കളപ്പുര ഭാഗത്ത് നിന്ന് കൊമ്മാടി വഴിയോ മാളികമുക്ക് വഴിയോ കിലോമീറ്റററുകൾ ചുറ്റി വേണം ജനങ്ങൾക്ക് നിലവിൽ ബൈപ്പാസിനിപ്പുറമെത്താൻ. നേരെ എതിർവശത്തെ റോഡിലെത്താൻ ഒരുകിലോമീറ്ററോളം ചുറ്റിത്തിരിയേണ്ട സ്ഥിതിയാണ്.വിദ്യാർത്ഥികളടക്കം ബസ് കയറാൻ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. എലിവേറ്റഡ് ഹൈവേ കടന്നു പോകുന്ന മറ്റ് വാർഡുകളിൽ ജനങ്ങൾക്ക് ഹൈവേക്ക് അടിയിലൂടെ സഞ്ചരിക്കാനാകുന്നുണ്ട്. കളപ്പുരയിൽ അടിപ്പാത വന്നാൽ ഫണ്ടിന് അപര്യാപ്തത വരും, വാഹനങ്ങളുടെ വേഗതയെ ബാധിക്കും തുടങ്ങിയ മറുപടികളാണ് ജനങ്ങൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
..........
''കാൽനടയാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിവേണം ബസ് സ്റ്റോപ്പിലെത്താൻ. രാത്രികാലങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടുകയാണ്. കളപ്പുര - ബൈപ്പാസ് ഭാഗത്ത് അടിപ്പാത അനുവദിക്കണം
-ജയപാലൻ, പ്രദേശവാസി