ആലപ്പുഴ: ശ്രീരഞ്ജിനി എന്ന ശ്രീജ (39) ജീവിക്കാനായി ഒരുപാട് ജോലികൾ ചെയ്‌തു. എങ്ങും ഏറെക്കാലം ഉറച്ചില്ല. ഒടുവിൽ എല്ലാം എരിഞ്ഞടങ്ങുന്ന ചിതകൾ ഒരുക്കുന്ന തൊഴിലിൽ എത്തി. ശ്‌മശാനങ്ങളിൽ സ്ത്രീകൾ സംസ്‌കാര ജോലികൾ ചെയ്യുന്നുണ്ടെങ്കിലും വീടുകളിൽ അത് ചെയ്യുന്ന ആദ്യ വനിതയാണ് ശ്രീജ. ഒരു സംസ്‌കാരത്തിന് 800 രൂപ. ഏഴ് മാസമായി ഇതാണ് പ്രധാന ജോലി. കുത്തിയതോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമാണ്.
ചിലർക്ക് ചിതയൊരുക്കുമ്പോൾ മനസ് നീറും. ഉറ്റവരുടെ അലമുറയും അടക്കിപ്പിടിച്ച തേങ്ങലുമെല്ലാം
മനസിൽ നിന്ന് മായാൻ ദിവസങ്ങളെടുക്കും. കഴിഞ്ഞ ദിവസം മുങ്ങിമരിച്ച പ്ലസ് വൺ വിദ്യാർത്ഥി ആദർശിന്റെ (16) ചിത ഒരുക്കുമ്പോൾ മനസ് പിടഞ്ഞു. പെറ്റമ്മയെ പോലെ വേദനിച്ചു.
ഓട്ടോഡ്രൈവറായ സേവ്യറാണ്, ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്ന 'ജനിമൃതി' എന്ന സംരംഭത്തിൽ ഏയ്സ് വാഹനമോടിക്കാൻ ശ്രീജയെ ക്ഷണിച്ചത്. ചിതയിൽ ചിരട്ടയും വിറകും അടുക്കാൻ സേവ്യറിനെയും ഒപ്പമുള്ള കെ.പി.പവിത്രനെയും സഹായിക്കാനായി കൂടി. ക്രമേണ സംസ്‌കാര ജോലികൾ ഒറ്റയ്‌ക്ക് ചെയ്യാമെന്നായി. ദിവസം മൂന്ന് സംസ്‌കാരങ്ങൾ വരെ നടത്താറുണ്ട്. ഈ തിരുവോണത്തിന് നാല് സംസ്‌കാരങ്ങൾ നടത്തേണ്ടിവന്നു. സദ്യ കഴിക്കാൻ പോലും പറ്റിയില്ല.
പല ജോലികൾ, ഒടുവിൽ ഇവിടെ
ഹരിപ്പാട് ചെറുതന സ്വദേശിയായ ശ്രീജ 17 വർഷം മുമ്പാണ് പെയിന്റിംഗ് തൊഴിലാളി പി.ബി.മനോജിനെ വിവാഹം കഴിച്ച് കുത്തിയതോട്ടിൽ എത്തിയത്. മകൾ ജനിച്ചശേഷം തയ്യൽ പഠിച്ച് ആ തൊഴിലെടുത്തു. പിന്നീട് സ്വകാര്യ ചിട്ടി കമ്പനിയുടെ കളക്‌ഷൻ ഏജന്റായി. രാത്രിയിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഓട്ടോറിക്ഷ വിളിച്ചാൽ കിട്ടില്ലെന്ന പ്രശ്നത്തോട് പൊരുതി ഡ്രൈവിംഗ് പഠിച്ചു. ഗ്രാമസഭയിൽ അപേക്ഷിച്ച് ഓട്ടോറിക്ഷ വാങ്ങി. ഹരിതകർമ്മ സേനയിലും പ്രവർത്തിച്ചു. ശവസംസ്‌കാരം ഇല്ലാത്ത ദിവസങ്ങളിൽ ഓട്ടോ ഓടും. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണി പാതിവഴിയിലാണ്. ഭർത്താവ് മനോജ്, അമ്മ രത്നമ്മ, മക്കളായ പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദന, എൽ.കെ.ജി വിദ്യാർത്ഥി ദേവനാരായണൻ എന്നിവർക്കൊപ്പം ഷെഡിലാണ് ഇപ്പോൾ താമസം.