ആലപ്പുഴ : അടിക്കടി ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ പണിമുടക്കുന്നത് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സിഗ്നൽ സംവിധാനം ഇല്ലാതാകുമ്പോൾ പകരം ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കാത്തതും അപകടത്തിനും ഗതാഗത കുരുക്കിനും കാരണമാകുന്നു. നെഹ്രുട്രോഫി വള്ളംകളി അടുത്തതോടെ നഗരത്തിൽ തിരക്ക് വർദ്ധിച്ചിരിക്കെയുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. രാവിലെയും വൈകിട്ടും വൈ.എം.സി, ജില്ലാ കോടതിപ്പാലം, കല്ലുപാലം, ഇരുമ്പുപാലം ജംഗ്ഷൻ എന്നിവടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നെഹ്റുട്രോഫി ജലമേളയോടനുബന്ധിച്ച് നഗരത്തിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡിന്റെ ഇരുവശത്തും പാർക്ക് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്, ആവശ്യമായ മുൻകരുതൽ എടുക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. നഗരത്തിലെ ബ്ളിങ്കിംഗ് സോളാർ ലൈറ്റുകളും പണിമുടക്കുന്നത് പതിവാണ്. പലപ്പോഴും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പ്രധാന കാരണം. നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി വൈ.എം.സി.എ പാലത്തിന്റെ ഇരുകരകളിലും സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ബ്ളിങ്കിംഗ് സംവിധാനത്തിലാക്കിയതോടെ ഇരുകരകളിലും നിന്നുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്ന സ്ഥിതിയാണ്. നഗരവികസനത്തിന്റെ ഭാഗമായി റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് ചെറുകിട കച്ചവടക്കാർ നഗരപാതകൾ കൈയടക്കിയതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
#നഗരത്തിലെ പ്രധാന സിഗ്നൽ ലൈറ്റുകൾ
ജനറൽ ആശുപത്രി, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, കളർകോട് ജംഗ്ഷൻ, ശവക്കോട്ടപ്പാലം, കൈതവന, കൊമ്മാടി ബൈപ്പാസ്, പൊലീസ് കൺട്രോൾ റൂം
........................
"തിരക്ക് കുറയുന്ന സമയം ചില പോയന്റുകളിലെ സിഗ്നൽ ലൈറ്റുകൾ പൊലീസ് ബ്ളിങ്കിംഗ് സംവിധാനത്തിലാക്കുന്നുണ്ട്. നെഹ്രുട്രോഫി ജലമേളയ്ക്കായി കൂടുതൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയമിക്കുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കാനാകും.
ട്രാഫിക് പൊലീസ്, ആലപ്പുഴ