
ആലപ്പുഴ: പൊലീസിനെ കമ്പളിപ്പിച്ച് കൈവിലങ്ങുമായി കടന്നുകളഞ്ഞ പ്രതി കാണാമറയത്ത് തുടരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് തൃശൂർ മതിലകം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ആലപ്പുഴ കളർകോട് ഭാഗത്ത് വച്ച് മോഷണക്കേസ് പ്രതി തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ വീട്ടിൽ ബാദുഷ (31) രക്ഷപ്പെട്ടത്. കായംകുളത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നവഴിയാണ് കളർകോട് എസ്.ഡി കോളേജിന് എതിർവശം പ്രതിയുമായി ഭക്ഷണം കഴിക്കാൻ തട്ടുകടയ്ക്ക് മുമ്പിൽ പൊലീസ് സംഘം വാഹനം നിർത്തിയത്. ഈ തക്കത്തിന് പൊലീസിനെ തള്ളിയിട്ട ശേഷം പ്രതി ഓടിമറയുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിനാണ് അന്വേഷണ ചുമതല. ഹോട്ടലിന് പിന്നിലെ തുറസായ പുരയിടത്തിലേക്കാണ് പ്രതി ചാടിമറഞ്ഞത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ ഇയാൾ ഓടുന്ന ദൃശ്യം വ്യക്തമാണ്. വെള്ളിയാഴ്ച രാത്രി മുതൽ ഊർജ്ജിത തിരച്ചിൽ നടത്തിയിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചില്ല. പ്രതി ജില്ല വിട്ട് പോയതായും സൂചനയുണ്ട്. കൈയിൽ വിലങ്ങുള്ളതിനാൽ ഇയാൾക്ക് അധിക ദിവസം ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നാണ് പൊലീസിന്റെ അനുമാനം. തൃശൂർ പുതിയകാവിലെ പലചരക്ക് കട കുത്തിത്തുറന്ന് അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ബാദുഷ.
മോഷ്ടിച്ച സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം കായംകുളത്താണ് സൂക്ഷിച്ചിരുന്നത്. വാഹന പരിശോധനയ്ക്ക് പ്രതിയുമായി എത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം. കഴിഞ്ഞ ജൂലായിലും നഗരത്തിൽ സമാന രീതിയിൽ പ്രതി കൈവിലയങ്ങുമായി ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇയാളെ പുന്നപ്രയിലെ പണി തീരാത്ത കെട്ടിടത്തിൽ നിന്ന് പിടികൂടിയിരുന്നു.
പ്രതിക്കായി ഊർജ്ജിതതിരച്ചിൽ തുടരുന്നു. ഉടൻ പിടിയിലാകും
- കെ.ശ്രീജിത്ത്, സി.ഐ, ആലപ്പുഴ സൗത്ത് സ്റ്റേഷൻ