ആലപ്പുഴ: കൊയ്‌ത്ത് യന്ത്രങ്ങൾക്ക് രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയുമില്ലാത്തതിനാൽ വിളവെടുപ്പ് സീസൺ ലക്ഷ്യമിട്ടെത്തുന്ന ഉടമകളുടെ ചൂഷണം കാരണം സഹികെട്ട് കുട്ടനാട്ടിലെ കർഷകർ. ഒന്നാം വിളവെടുപ്പിനായി പി.ആർ.എസ് രജിസ്ട്രേഷനും മില്ലുകളെ നിയോഗിക്കലും ആരംഭിച്ചതിന് പിന്നാലെ കൊയ്‌ത്ത് യന്ത്രങ്ങളുടെ ഏജന്റുമാരും രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. കുട്ടനാട്ടിലെ കൊയ്‌ത്തിന് തമിഴ്നാട്ടിൽ നിന്നാണ് യന്ത്രങ്ങൾ എത്തുന്നത്.
ഏജന്റുമാരാണ് പാടശേഖര സമിതികൾക്ക് കൊയ്‌ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്.
ആയിരം ഏക്കറോളം പാടം കൊയ്യുന്നതിന് കുറഞ്ഞത് മുപ്പത് മെഷീനുകളെങ്കിലും ആവശ്യമാണ്.
പാടത്തുനിന്ന് പതിരില്ലാതെ കതിര് മാത്രം കുറഞ്ഞസമയംകൊണ്ട് കൊയ്തെടുക്കുന്ന യന്ത്രങ്ങളാണ് കർഷകർക്ക് ആവശ്യം. യന്ത്രങ്ങൾക്ക് പുറമേ ഉടമകൾക്കും ഏജന്റുമാർക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയാൽ ഇടനിലക്കാരുടെ ചൂഷണം ഒരുപരിധിവരെ തടയാൻ കഴിയും.
ഫിറ്റ്നസും രജിസ്ട്രേഷനുമില്ല
1.കൊയ്‌ത്ത് യന്ത്രങ്ങൾക്ക് കൃഷി വകുപ്പിന്റെയോ, മോട്ടോർ വാഹന വകുപ്പിന്റെയോ രജിസ്ട്രേഷനോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ആവശ്യമില്ല. ഇതു കാരണം യന്ത്രങ്ങൾക്ക് കൃത്യമായ മെയിന്റനൻസ് നടത്താൻ ഉടമകൾ ശ്രദ്ധിക്കാറില്ല
2.ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ പാടങ്ങളിൽ നിന്ന് പതിരുൾപ്പടെ മെതിച്ച്ചാക്കുകളിൽ നിറയ്ക്കുന്നതിനാൽ സംഭരണത്തിനെത്തുന്ന മില്ലുകൾ പതിരിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടും. ഇത് കർഷകരുടെ ചൂഷണത്തിനിടയാക്കും
3. മഴയുടെ പേരിൽ കൊയ്ത്തിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തി അമിത നിരക്ക് ആവശ്യപ്പെടുന്ന സംഘങ്ങളും കൂട്ടത്തിലുണ്ട്. മണിക്കൂറിന് 2000 രൂപയാണ് സാധാരണ കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയെങ്കിലും പ്രതികൂല സാഹചര്യങ്ങളുടെ പേരിൽ ചൂഷണം പതിവാണ്
4.കൊയ്ത്ത് യന്ത്രങ്ങൾക്ക് രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ പതിര് കൊയ്യുന്നവരെയും അമിത ചാർജ് ഈടാക്കുന്നവരെയും പലപ്പോഴും കർഷകർക്ക് തിരിച്ചറിയാൻ കഴിയാറില്ല. ഫിറ്റ് നസിന് പുറമേ ലൈസൻസിംഗ് സമ്പ്രദായം കൂടി വേണമെന്നതാണ് കർഷകരുടെ ആവശ്യം
കൊയ്ത്ത് യന്ത്രം
വാടക: മണിക്കൂറിന് ₹2000
ആയിരം ഏക്കറിന്: 30യന്ത്രം
കൊയ്ത്ത് യന്ത്രങ്ങൾക്ക് ഫിറ്റ് നസിനും രജിസ്ട്രേഷനുമൊപ്പം മില്ലുകൾക്കും ഏജന്റുമാർക്കും കൂടി പി.സി.സി ഉൾപ്പെടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാലേ കർഷകരെ ചൂഷണം ചെയ്യുന്നത് തടയാൻ കഴിയൂ
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി