
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർ.ഒ പ്ലാന്റിലെ ടാങ്ക് നിലംപതിച്ചു, ശുദ്ധജലം കിട്ടാതെ രോഗികളും കൂട്ടിരിപ്പുകാരും. ആശുപത്രിയിലെ കുട്ടികളുടെ വാർഡായ ഒന്നിന് സമീപത്തെ മുറിയിലാണ് ആർ.ഒ പ്ലാന്റും ടാങ്കും സ്ഥാപിച്ചിരുന്നത്. സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന 5000 ലിറ്റർ ശേഷിയുള്ള ടാങ്ക് ഏതാനും ദിവസം മുമ്പാണ് നിലം പതിച്ചത്. ഇതോടെ വാർഡുകളിലെ രോഗികളും കൂട്ടിരിപ്പുകാരും വില കൊടുത്ത് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതിരുന്നിട്ടും ഇതിന്റെ ചുമതല വഹിക്കുന്ന കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ
രോഗികൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
എ.കെ.ആന്റണി എം.പിയായിരുന്നപ്പോഴാണ് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി ആർ.ഒ പ്ലാന്റ് സ്ഥാപിച്ചത്. 2019 ജൂലായ് 25 ന് ആണ് പ്രവർത്തനം തുടങ്ങിയത്.
പ്രധാന കെട്ടിടങ്ങളിലെ എല്ലാ വാർഡുകളിലേക്കും ശുദ്ധജലം വിതരണം നടത്തിയിരുന്നത് ഈ ടാങ്കിൽ നിന്നാണ്.