
മാന്നാർ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേന്ദ്ര ആവിഷ്കൃത പദ്ധതി പ്രകാരം മാന്നാർ ഗ്രാമ പഞ്ചായത്തിലെ അഞ്ച് ഗ്രാമീണ റോഡുകൾ സംയോജിപ്പിച്ചു കൊണ്ടുള്ള കുട്ടംപേരൂർ റിംഗ് റോഡ് യാഥാർത്ഥ്യമായി. 3 കോടി രൂപയോളം ചെലവഴിച്ച് 5.21 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡിന്റെ നിർമ്മാണം ഒരു വർഷം കൊണ്ടാണ് യാഥാർത്ഥ്യമായത്. മാന്നാർ ഗ്രാമപഞ്ചായത്തിലെ കുട്ടംപേരൂർ 11,12,13,14,15,16 വാർഡുകളിൽ കൂടിയാണ് റിംഗ് റോഡ് കടന്നു പോകുന്നത്. മാന്നാർ പുത്തൻകുളങ്ങര വായനശാല ജംക്‌ഷനിൽ നിന്ന് കിഴക്കോട്ട് വലിയകുളങ്ങര വഴി എണ്ണയ്ക്കാട് –കുട്ടംപേരൂർ റോഡിൽ ഗുരുതിയിൽ മുക്കു വരെയുള്ള ഒന്നാം ഭാഗം, ചേപ്പഴത്തിൽ ക്ഷേത്ര ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വരെയുള്ള രണ്ടാം ഭാഗം, പീടികമുക്ക് മുതൽ വടക്കോട്ട് മണലിക്കുളങ്ങര വരെയുള്ള മൂന്നാം ഭാഗം, ചാങ്ങയിൽ മുക്ക് നാലേകാട്ടിൽ –മുളവന ജംഗ്ഷൻ വരെയുള്ള നാലാം ഭാഗം, കോയിക്കൽ ജംഗ്ഷൻ– എണ്ണയ്ക്കാട് റോഡിൽ തെക്കോട്ട് പാലുവിള- അടുക്കള മുക്ക് വരെയുള്ള അഞ്ചാം ഭാഗവും ചേർന്നതാണ് കുട്ടംപേരൂർ റിംഗ് റോഡ്. ടാറിംഗ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ റോഡിന്റെ വശങ്ങളിലെ ഗ്രാവലിംഗ് പണികൾ നടന്നു വരികയാണ്. കഴിഞ്ഞ നവംബറിലാണ് റോഡ് നിർമാണം ആരംഭിച്ചത്. അടുത്ത മാസം റോഡ് നാടിനു സമർപ്പിക്കുന്നതോടെ മാന്നാർ പഞ്ചായത്തിലെ ഗ്രാമീണ ഗതാഗതത്തിനു പുത്തൻ ഉണർവുണ്ടാകുന്നതോടെ ബസ് സർവീസും യാഥാർഥ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
.......
# റോഡിന് ശാപ മോക്ഷം
വർഷങ്ങളായി മാന്നാറിനു ശാപമായി തകർന്നു കിടന്ന ഈ റോഡുകളുടെ പുനർനിർമ്മാണത്തിനു മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് റിംഗ് റോഡിനായി നീക്കമാരംഭിച്ചത്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്തിന്റെ തുടക്കമായ 2020ൽ റോഡിനു 3 കോടി രൂപ അനുവദിച്ചെങ്കിലും കരാറെടുക്കാനാളില്ലാത്തതിനാൽ കാലതാമസമുണ്ടായി. പിന്നീട് പാലത്ര ഗ്രൂപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വളരെ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
.....................
നിർമ്മാണ ചെലവ്
3 കോടി
ദൈർഘ്യം
5.21 കിലോമീറ്റർ