ph

കായംകുളം: കായംകുളത്ത് കുപ്രസിദ്ധ മോഷ്ടാവിന്റെ ഉന്ത് വണ്ടിയിൽ നിന്ന് ആപ്പിൾവാങ്ങിയ യുവതിയുടെ മൊബൈൽ ഫോൺ കാണാതായി. അന്വേഷണത്തിനൊടുവിൽ ആപ്പിൾ കച്ചവടക്കാരനെതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളിഭാഗം മാടവനകിഴക്കതിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. ആറാട്ടുപുഴ സ്വദേശിയായ യുവതിയായിരുന്നു പരാതിക്കാരി. കായംകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ സൈഡിൽ വഴിയോര കച്ചവടം നടത്തുകയായിരുന്ന നൗഷാദിന്റെ കൈയിൽ നിന്ന് ആപ്പിൾ വാങ്ങുന്നതിനെയാണ് മോഷണം നടന്നത്. പരാതിക്കാരി മകളുടെ കൈയിൽ നിന്ന് പണം വാങ്ങുന്നിതിനിടെയാണ് യുവതിയുടെ തോളിൽ കിടന്ന ബാഗിൽ നിന്ന് , പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ നൗഷാദ് മോഷ്ടിച്ചെടുത്തത്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ നൗഷാദിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്. കായംകുളത്ത് പ്രമുഖ ജ്വല്ലറി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, പൊലീസുദ്യോഗസ്ഥരായ സജീവ്, ദീപക് വാസുദേവൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.