
ചേർത്തല: തൃശൂർ അക്വാട്ടിക് സെന്ററിൽ നടന്ന എട്ടാമത് സ്റ്റേറ്റ് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ചേർത്തല സ്വദേശി ദിലീപ് കുമാർ 50മീറ്റർ ഫ്രീസ്റ്റയിൽ, 50മീറ്റർ ബാക്ക്സ്‌ട്രോക്ക്,100മീ ഫ്രീസ്റ്റയിൽ എന്നീ വ്യക്തിഗത ഇനങ്ങളിൽ 3 സ്വർണം നേടി. ഒക്ടോബർ 19 മുതൽ 22 വരെ ഗോവയിൽ നടക്കുന്ന നാഷണൽ പാരസ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് ദിലീപ് യോഗ്യത നേടി. എസ് 9 കാറ്റഗറിയിലാണ് ദിലീപ് മത്സരിക്കുന്നത്.എല്ലാ കാറ്റഗറിയിലെയും ഏറ്റവും വേഗമേറിയ താരമായി ദിലീപ്. തൃശൂർ ദർശന ക്ലബിന്റെ കീഴിൽ കോച്ച് ശ്രീജയാണ് ദിലീപിന് നീന്തലിന്റെ ആദ്യപാഠങ്ങൾ പകർന്ന് നൽകിയത്. തൃശൂർ പുറനാട്ടുകാര ജാസ്‌നോ എജ്യൂസ്‌പോർട്സിലെ നീന്തൽ പരിശീലകയാണ് ശ്രീജ. ജാസ്‌നോയിലും ദിലീപ് പരിശീലനം നേടുന്നുണ്ട്. സ്‌പോർട്സ് അസോസിയേഷൻ ആലപ്പുഴയുടെ സഹായത്തോടെ രാജ കേശവദാസ് സ്വിമ്മിംഗ് പൂളിൽ പരിശീലനം തുടരുന്നു. കോച്ചുമാരായ രാഹുൽ,സിജിൻ,ജിത്തു എന്നിവരും പരിശീലനം നൽകി. സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിഷ്ണു,സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പരിശീലനത്തിനാവശ്യമായ സഹായങ്ങൾ നൽകി.