ഇന്നലെയും നഗരത്തിൽ ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു
ആലപ്പുഴ : തെരുവു നായ്ക്കളുടെ ശല്യം വ്യാപകമായ കരളകം വാർഡിൽ ഇന്നലെയും ഒരാൾക്ക് നായയുടെ കടിയേറ്റു. ഐ.എൻ.ടി.യു.സി തൊഴിലാളി സാബുവിനാണ് (60) രാവിലെ ജോലിക്ക് പോകുന്നതിനിടെ കടിയേറ്റത്. കാലിന് പരിക്കേറ്റ സാബു ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സയും പ്രതിരോധ കുത്തിവയ്പ്പും സ്വീകരിച്ചു.
കരളകം വാർഡിലെ വിവിധ പ്രദേശങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. കന്നാട്ടുപറമ്പ്, പണിക്കർ ജംഗ്ഷൻ, കരളകം പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ പറയുന്നു. തെരുവുനായ്ക്കൾക്ക് സമ്പൂർണ വാക്സിനേഷൻ ഉറപ്പുനൽകിയിട്ട് അത് പാലിക്കാതെയാണ് നഗരസഭാ ആരോഗ്യവിഭാഗം വാക്സിനേഷൻ ഡ്രൈവ് അവസാനിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്.
വാക്സിനേഷൻ പ്രഹസനമോ?
1. കരളകം വാർഡിന്റെ അതിർത്തി പ്രദേശത്ത് ഏതാനും നായ്ക്കൾക്ക് കുത്തിവയ്പ്പെടുത്തതൊഴിച്ചാൽ ഉൾപ്രദേശങ്ങളിൽ വാക്സിനേഷൻ നടത്തിയിട്ടില്ല
2. നൂറ് കണക്കിന് നായ്ക്കളാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാതെ ചുറ്റിത്തിരിയുന്നത്. വാക്സിൻ ലഭിച്ചിട്ടില്ലെന്ന വിവരം അറിയിച്ചിട്ടും ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല
3. മൂന്ന് ദിവസങ്ങളിലായി നടത്തിയ വാക്സിനേഷൻ ഡ്രൈവ് പേവിഷബാധ പ്രതിരോധത്തിന് പര്യാപ്തമാണെന്ന നിലപാടിലാണ് നഗരസഭ അധികൃതർ
പല നായ്ക്കൾക്കും കുത്തിവയ്പെടുത്തിട്ടില്ലെന്ന് ജെ.എച്ച്.ഐമാരെയടക്കം അറിയിച്ചിരുന്നു. വാക്സിനേഷൻ ഡ്രൈവ് അവസാനിച്ചെന്നും, അടുത്തഘട്ടത്തിൽ കുത്തിവയ്പ്പെടുക്കാമെന്നുമാണ് മറുപടി ലഭിച്ചത്. കരളകം പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്
- അമ്പിളി അരവിന്ദ്, കരളകം വാർഡ് കൗൺസിലർ