ആലപ്പുഴ: കെ.എസ്.ആർ.ടി.സി വനിതാകണ്ടക്ടറുടെ ടിക്കറ്റ് റാക്ക് മോഷണം പോയി. ഇന്നലെ രാവിലെ ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയിലെത്തിയ ഫാസ്റ്റ് ബാസഞ്ചർ ബസ്സിൽ നിന്നാണ് ടിക്കറ്റ് റാക്കടങ്ങിയ ബാഗടക്കം നഷ്ടപ്പെട്ടത്. ആലപ്പുഴ ഡിപ്പോയിലെത്തി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് റാക്ക് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. പണവും ടിക്കറ്റ് മെഷീനും കണ്ടക്ടറുടെ കൈവശം സുരക്ഷിതമായിരുന്നു. ബാഗിൽ പണമുണ്ടാകുമെന്ന നിഗമനത്തിൽ ആരെങ്കിലും കവർന്നതാകാമെന്നാണ് അനുമാനം. റാക്ക് അല്ലാതെ വിലപിടിപ്പുള്ള മറ്റൊന്നും ബാഗിലില്ല. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെ.എസ്.ആർ.ടി.സിയും ആഭ്യന്തരഅന്വേഷണം ആരംഭിച്ചു. ടിക്കറ്റ് മെഷീൻ തകരാറിലായാൽ പകരം ഉപയോഗിക്കുന്നതിനാണ് റാക്ക് നൽകുന്നത്. റാക്കിലെ ടിക്കറ്റുകൾ പണത്തിന് തുല്യമായാണ് കണക്കാക്കുന്നത്. ഇത് നഷ്ടപ്പെട്ടാൽ നിയമപ്രകാരം കണ്ടക്ടറാണ് നഷ്ടം നികത്തേണ്ടത്. ഒപ്പം അച്ചടക്ക നടപടിയും നേരിടേണ്ടിവരും.