ആലപ്പുഴ : ജലോത്സവ പ്രേമികളുടെ കണ്ണും കാതും മനസ്സും പുന്നമടയിൽ കേന്ദ്രീകരിക്കാൻ കേവലം അഞ്ച് പകലുകളുടെ മാത്രം കാത്തിരിപ്പ്. വൈകിയെങ്കിലും വീറോടെ തിരിച്ചെത്തുന്ന നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ലക്ഷ്വറി ബോക്സ് അടക്കം നൂതന ക്രമീകരണങ്ങളിൽ ടിക്കറ്റ് വിൽപ്പന ഉഷാറായി മുന്നേറവേയാണ് വയനാട് ദുരന്തത്തെ തുടർന്ന് ജലമേള മാറ്റിവയ്ക്കേണ്ടിവന്നത്. ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ചെങ്കിലും, സീസൺ മാറിയുള്ള കളിയിൽ പതിവ് പോലെ ടിക്കറ്റുകൾ വിറ്റുപോകുമോയെന്ന് അധികൃതർക്ക് അങ്കലാപ്പുണ്ട്. പൂർണമായും സെറ്റായ ടീമിനെ ഒരു ഘട്ടത്തിൽ പിരിച്ചുവിടേണ്ടിവന്നെങ്കിലും, തൊണ്ണൂറ് ശതമാനം പേരെയും തിരികെയെത്തിക്കാൻ പ്രമുഖ ക്ലബ്ബുകൾക്ക് സാധിച്ചു. മികച്ച തുഴച്ചിൽക്കാരെ ഒപ്പം നിറുത്താൻ വലിയൊരു തുക ചെലവാക്കേണ്ടി വരുന്നുണ്ട് ഓരോ ക്ലബ്ബിനും.

ശേഷിക്കുന്ന ദിനങ്ങളിൽ പരമാവധി ട്രയലുകൾ നടത്തി കരുത്ത് കൂട്ടുകയാണ് ക്ലബ്ബുകൾ. പതിവിന് വ്യത്യസ്തമായി നിരവധി ചെറുവള്ളംകളികളിൽ പോരാടി മത്സരവീര്യം പ്രകടിപ്പിച്ചാണ് ഒട്ടുമിക്ക ക്ലബ്ബുകളും ഇത്തവണ നെഹ്റുട്രോഫിയിൽ മത്സരിക്കാനെത്തുന്നത്.

പോരാടാൻ 19 ജലരാജാക്കന്മാർ

തുടർച്ചയായ നാല് വിജയങ്ങൾ പിന്നിട്ട് അഞ്ചാം നേട്ടത്തിനായി തുഴയെറിയുന്ന പള്ളാത്തുരുത്തി, ഏറ്റവും കൂടുതൽ തവണ നെഹ്റുട്രോഫി കൈപ്പിടിയിലൊതുക്കിയ യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരി, പ്രതാപം തിരികെ പിടിക്കാൻ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ്, അയൽ നാട്ടിൽ നിന്നെത്തി കരുത്ത് തെളിയിക്കുന്ന കുമരകം ബോട്ട് ക്ളബ് , ആതിഥേയരായ പുന്നമട ബോട്ട് ക്ലബ്ബ് തുടങ്ങിയവർ തുഴയെറിയുന്ന 19 ജലരാജാക്കന്മാരാണ് ഇത്തവണ നെഹ്റു ട്രോഫി കൈപ്പിടിയിലൊതുക്കാൻ പോരടിക്കുക. ഓരോ ക്ലബ്ബിനെയും ഓരോ ചുണ്ടനെയും വികാരമായി കാണുന്ന ജനതയുള്ള നാടാണിത്. സി.ബി.എൽ നടക്കുമെന്ന പ്രതീക്ഷയിലിറങ്ങുന്ന വള്ളങ്ങൾക്ക് ഓരോ ഹീറ്റ്സും ഫൈനലിന് തുല്യമാണ്. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം.

ടീം പുനരാവിഷ്കരിക്കാൻ കഷ്ടപ്പാടും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും എല്ലാം തരണം ചെയ്ത് മുന്നേറുകയാണ്

- കെ.എ.പ്രമോദ്, യു.ബി.സി കൈനകരി

അവസാനവട്ട ട്രയലുകളിലാണ് ടീം. കരുത്തേറിയ പോരാട്ടത്തിന് പുന്നമട സാക്ഷിയാകും

- കുര്യൻ ജെയിംസ്, പുന്നമട ബോട്ട് ക്ലബ്ബ്