
അമ്പലപ്പുഴ: മനുഷ്യന്റെ മാനസികാരോഗ്യത്തെ കലയും സാഹിത്യവും സ്വാധീനിക്കുമെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി. പത്മകുമാർ പറഞ്ഞു. പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ (ഫാസ്) വിദ്യാഭ്യാസപുരസ്കാര സമർപ്പണ സമ്മേളനം പുന്നപ്ര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര ഫാസിന്റെ പതിനൊന്നാമത് അഖില കേരള ചെറുകഥ അവാർഡുകൾ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നൊറോണ നിർവഹിച്ചു. ഫാസ് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷനായി. കമ്മിറ്റി ചെയർമാൻ അലിയാർ എം. മാക്കിയിൽ അവാർഡ് പ്രഖ്യാപനവും നടത്തി. ഫാസ് ഉപദേശക സമിതി ചെയർമാൻ കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, എൻ.പി. വിദ്യാനന്ദൻ, നാസർ പട്ടരുമഠം, ടി.വി.സാബു എന്നിവർ സംസാരിച്ചു.
ചെറുകഥ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കെ.ടി.ഷാഹുൽ ഹമീദ് പെരിന്തൽമണ്ണ, രണ്ടാം സ്ഥാനം നേടിയ പി.വി.വിനീത് കണ്ണൂർ, മൂന്നാം സ്ഥാനം പങ്കുവച്ച കെ.രാജതിലകൻ തൃശൂർ, ജിജേഷ് കൊറ്റാളി കണ്ണൂർ എന്നിവർ മെമ്മന്റോയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫ്രാൻസിസ് നൊറോണയിൽ നിന്ന് സ്വീകരിച്ചു.
കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് നേടിയ പറവൂർ അംബുജാക്ഷനെ ആദരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച അരുൺ ബാബു ആൻ്റോ, ഐഷാബീഗം, ഹരിൻ കൈരളി, അച്ചു ജോൺ, മുഹമ്മദ് ഇസ് ഹാൻ എന്നിവരെ അനുമോദിച്ചു.