
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയിലെ മാന്നാർ കുരട്ടിശ്ശേരി പാടശേഖരങ്ങളിൽ നെൽകൃഷിക്കായി തയാറെടുപ്പുകൾ നടത്തുമ്പോൾ വില്ലനായി ഇലമ്പനംതോട്ടിലെ പായലും മാലിന്യങ്ങളും. ആയിരത്തഞ്ഞൂറോളം ഏക്കറുള്ള കുരട്ടിശ്ശേരി പുഞ്ചയിലെ പ്രധാന ജലസ്രോതസായ ഇലമ്പനംതോട് വൃത്തിയാക്കാത്തത് മൂലം കഴിഞ്ഞ തവണയും കർഷകർ ഏറെ ബിദ്ധിമുട്ടിയിരുന്നു.
മുൻ വർഷങ്ങളിൽ നവംബറിലായിന്നു കൃഷിയിറക്കിയിരുന്നത് എന്നാൽ കഴിഞ്ഞ വർഷം കാലം തെറ്റിയുള്ള മഴയും പാടത്തെ വെള്ളം വലിഞ്ഞു പോകാത്തതും മൂലം ജനുവരിയിലാണ് കൃഷിയിറക്കാൻ കഴിഞ്ഞത്. മാന്നാർ പഞ്ചായത്തിലെ 1 ,2 ,3 വാർഡുകളിലൂടെ കടന്നു പോകുന്ന തോട്ടിൽ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നതാണ് കർഷകരെ വലയ്ക്കുന്നത്. പമ്പാ നദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്ക് കളയുന്നതും ഈ തോട് വഴിയാണ്.
പഞ്ചായത്ത് വിവിധ പദ്ധതികളിൽ 46 ലക്ഷം രൂപയോളം മുടക്കി പാടത്തിനകത്തുളള നീരൊഴുക്ക് തോടുകൾ നവീകരണം നടത്തിയെങ്കിലും അത് വേണ്ടവിധത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വലിയ തോടായ ഇലമ്പനം നവീകരിച്ചെങ്കിൽ മാത്രമേ ജലസേചനം കാര്യക്ഷമമാവുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്. 2023 ലെ സംസ്ഥാന ബഡ്ജറ്റിൽ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി വകയിരുത്തിയെങ്കിലും തുടർ നടപടികൾ ഒന്നുമായില്ല.
സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ
മാന്നാർ, വീയപുരം അതിർത്തിയായ വള്ളക്കാലിയിൽ പമ്പാനദിയിൽ നിന്നാരംഭിച്ച് മൂർത്തിട്ടയിൽ അവസാനിക്കുന്നതാണ് ഇലമ്പനം തോട്
അഞ്ച് കി.മി നീളവും മുപ്പത്തിരണ്ടര മീറ്റർ വീതിയുമാണുണ്ടായിരുന്ന തോടിന്റെ ആഴവും വീതിയും കുറഞ്ഞു വരുകയാണ്
മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകളുടെയും മറ്റും ആവാസ സ്ഥലമായി മാറിയതോടെ സമീപം താമസിക്കുന്ന നൂറോളം കുടുംബങ്ങൾ പകർച്ച വ്യാധി ഭീഷണിയിൽ
പത്ത് വർഷം മുമ്പ് വരെ തോട്ടിലെ പായൽ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ചെയ്തിരുന്നത് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുയിരുന്നു ചെയ്തിരുന്ന
പിന്നീട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രണ്ടു വർഷമായി അതും നിലച്ചിരിക്കുകയാണ്.
46: പഞ്ചായത്തിലെ തോടുകൾ നവീകരിക്കാൻ വിനിയോഗിച്ചത് 46 ലക്ഷം
ഇലമ്പനം തോട്ടിൽ നിറഞ്ഞു കിടക്കുന്ന പായലും പോളയും നീക്കി സമയബന്ധിതമായി നെൽകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണം
- കുരട്ടിശ്ശേരി നെൽകൃഷി വികസന സമതി പ്രസിഡന്റ് ബിജു ഇക്ബാൽ, സെക്രട്ടറി ഷുജാഹുദ്ദീൻ കൊച്ചു വീട്ടിൽ