ആലപ്പുഴ: കായംകുളത്ത് തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ ആലപ്പുഴ നഗരത്തിൽ വെച്ച് തൃശൂർ മതിലകം പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട് സിറ്റി പൊലീസിന്റെ പിടിയിലായി.
സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ പ്രതിയായ തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ വീട്ടിൽ ബാദുഷ (31)യാണ് മൂന്നാം ദിവസം പിടിയിലായത്. 20ന് രാത്രി 9 മണിയോടെ കളർകോട് ഭാഗത്ത് ഭക്ഷണം കഴിക്കാൻ തട്ടുകടയ്ക്ക് മുന്നിൽ വാഹനം നിർത്തിയപ്പോഴാണ് പ്രതി പൊലീസിനെ തള്ളിയിട്ട് ഓടിമറഞ്ഞത്. ഇയാൾക്കായി ആലപ്പുഴ സൗത്ത് പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. കളവു കേസുകളിൽ ജയിലിൽ കഴിഞ്ഞുവരവെ ജയിലിൽ വച്ച് പരിചയപ്പെടുന്ന സഹ തടവുകാരുടെ സഹായത്താൽ ഇയാൾ സംസ്ഥാനത്തുടനീളം കളവു നടത്തുകയാണ് പതിവ്. പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി മറ്റു ജില്ലകളിൽ എത്തി വീണ്ടും കളവു നടത്തുവാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, രാജേഷ് ചൈതന്യ, ഷാഫി പറമ്പത്ത്, പ്രശാന്ത് കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പൂവാട്ടു പറമ്പിൽ വച്ച് ബസ്സിൽ നിന്നും പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ മതിലകം പൊലീസിന് കൈമാറും.