ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാനുള്ള പവലിയനുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ്, ജില്ല പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ എന്നിവർ തിങ്കളാഴ്ച വൈകിട്ട് പവലിയനും ഫിനിഷിംഗ് പോയിന്റും സന്ദർശിച്ചു. നെഹ്റു പവലി​യനിലെ പന്തൽ നിർമാണം 25ന് പൂർത്തിയാകുമെന്ന് ജില്ല കളക്ടർ പറഞ്ഞു. നെഹ്റു പവലി​യന് മുകളിലുള്ള ഷീറ്റ് മാറ്റുന്ന ജോലികൾ പൂർത്തിയായി. നെഹ്റു പവലിയനിൽ പത്തോളം ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. മാദ്ധ്യമങ്ങൾക്കും വിവിധ നിരക്കിലെ ടിക്കറ്റുകാർക്കുമുള്ള ഇരിപ്പിട സൗകര്യം വിലയിരുത്തി. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം.സി.സജീവ് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, പ്രസ് ക്ലബ് ഭാരവാഹികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവും ഒപ്പമുണ്ടായിരുന്നു.