photo

ചാരുംമൂട്: കുടുംബശ്രീയുടെ ഓണ വിപണി വിറ്റുവരവിൽ ഈ വർഷവും ഭരണിക്കാവ് ബ്ളോക്കിലെ താമരക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ജില്ലയിൽ ഒന്നാമതെത്തി. 63 ലക്ഷം രൂപയുടെ വിപണനം നടത്തിയാണ് താമരക്കുളം കുടുംബശ്രീ സി.ഡി.എസ് ഈ നേട്ടം കൊയ്തത്. താമരക്കുളം ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനു സമീപം സ്ഥിരമായുള്ള വിപണ സ്റ്റാൾ കൂടാതെ ഗ്രാമപഞ്ചായത്തിന്റെ അഞ്ചു ദിവസത്തെ ഓണം കാർഷിക മേളയിലും സി.ഡി.എസിന്റെ ഏഴു സ്റ്റാളുകൾ പ്രവർത്തിച്ചു. ഇവിടെയും ജെ.എൽ.ജി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളും ചെറുകിട സംരംഭകരിൽ നിന്നുള്ള ഉത്പന്നങ്ങളുമാണ് വില്പന നടത്തിയത്..പഞ്ചായത്തിലെ കണ്ണനാകുഴി വാർഡിലും സി.ഡി.എസിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസിന് കാർഷികോത്സവം പ്രചോദനമാണെന്നും താമരക്കുളം കാർഷി കോത്സവം ജില്ലയ്ക്ക് തന്നെ മാതൃകയാണെന്നും പ്രസിഡന്റ് ജി.വേണു പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സെക്രട്ടറി ജി.മധു അസി.സെക്രട്ടറി ജയകുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ ഡി.സതി, വൈസ് ചെയർപേഴ്സൺ വിജയശ്രീ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.