ph

കായംകുളം: നീരൊഴുക്ക് കുറഞ്ഞതോടെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന കരിപ്പുഴതോട് കാളിന്ദിയായി. തോട്ടിൽ നിന്ന് ഉയരുന്ന ദുർഗന്ധം പ്രദേശത്തെ മുഴുവൻ നാറ്റിക്കുകയാണ്. വേനൽ കടുക്കുന്നതോടെ സമീപവാസികളുടെയും വ്യാപാരികളുടെയും ജീവിതം കൂടുതൽ ദുസഹമാകാനാണ് സാദ്ധ്യത. കായംകുളം നഗരത്തിലെ മാലിന്യ വാഹിയും മാലിന്യം വലിച്ചെറിയൽ കേന്ദവുമാണ് കരിപ്പുഴ തോട്. മഴമാറി ജലനിരപ്പ് കുറഞ്ഞതോടെ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടു. സമീപ പ്രദേശങ്ങളിൽ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. മാലിന്യം കലർന്ന കുടിവെള്ളം ശർദ്ദിക്കും വയറ്റിളക്കത്തിനും കാരണമാകുമ്പോൾ, ആരോഗ്യ പ്രവർത്തകരും തിരിഞ്ഞ് നോക്കുന്നില്ല. ജലം കെട്ടിക്കിടന്ന് കറുത്ത് കുഴമ്പ് രൂപത്തിലാണിപ്പോൾ.

പതിനൊന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കരിപ്പുഴ തോട് ഉത്ഭവിക്കുന്നത് അച്ഛൻ കോവിലാറിൽ നിന്നാണ്. മുമ്പ് വലിയ കെട്ടുവള്ളങ്ങളിൽ കരിപ്പുഴത്തോട് വഴിയായിരുന്നു കായംകുളം നഗരത്തിലെ ചരക്ക് നീക്കം. എക്കൽ അടിഞ്ഞ് നികന്നതോടെ വലിയ വള്ളങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാതയായി. പൈതൃക സ്വത്ത് പോലെ സംരക്ഷിക്കേണ്ട കരിപ്പുഴ തോടാണ് വർഷങ്ങളായി അവഗണിപ്പെട്ട് നാടിന്റെ ശാപമായി മാറിയിരിക്കുന്നത്.

പകർച്ചവ്യാധി ഭീതിയിൽ നാട്

നഗരത്തിലെ ഇറച്ചി മാർക്കറ്റിലെ അവശിഷ്ടങ്ങൾ, പട്ടണത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം, കോഴി മാലിന്യം തുടങ്ങിയവയെല്ലാം കരിപ്പുഴ തോട്ടിലാണ് വലിച്ചെറിയുന്നത്. ഇത് അഴുകി കൊതുകും ഈച്ചയും പെരുകി. തോട്ടിലേക്ക് എത്തുന്ന പട്ടണത്തിലെ അഞ്ചോളം ചെറു തോടുകളും വെള്ളം കെട്ടിനിന്ന് മലിനമായി കഴിഞ്ഞു. ഒരു മീറ്റർ ആഴത്തിൽ മണ്ണ് നീക്കി കരിപ്പുഴ തോട്ടിലെ സ്വഭാവിക നീരൊഴുക്ക് തിരിച്ചുകൊണ്ടുവന്നാൽ മാത്രമേ ദുർഗന്ധത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമാകൂ. തോടിനെ സംരക്ഷിക്കാനും കഴിയൂ.

മൂന്നുകോടി തോട്ടിൽ പോയി !

2018ലെ മഹാപ്രളയത്തിൽ ഓണാട്ടുകരയിൽ വെള്ളപ്പൊക്കത്തിന് കാരണമായത് കരിപ്പുഴ തോടിന്റെ ആഴമില്ലായ്മയാണ്. അച്ഛൻ കോവിലാറിലെ ജലം തോട്ടപ്പള്ളിയിലേക്കും കരിപ്പുഴതോട്ടിലേക്കും ഒഴുക്കി അറബിക്കടലിലാണ് പതിക്കുന്നത്. പത്ത് വർഷം മുമ്പ് സുനാമി പദ്ധതിയിൽ ഉൾപ്പെടുത്തി തോടിനെ ആഴം കൂടി ശുദ്ധീകരിക്കാൻ മൂന്ന് കോടി രൂപ ചെലവിട്ടെങ്കിലും തോട് മാത്രം വൃത്തിയായില്ല. കുറച്ച് ദിവസം ഫ്ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് പായൽ വാരിയതല്ലാതെ കാര്യമായിട്ടൊന്നും നടന്നില്ല. ഇതോടെ വലിയ അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും അന്വേഷണം ഉണ്ടായില്ല.

നിക്ഷേപകേന്ദ്രം അടച്ചു പൂട്ടി

1. നഗരത്തിലെ ഇറച്ചി,​ മത്സ്യ,​ സസ്യമാർക്കറ്റുകൾ,ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ മാലിന്യവും കരിപ്പുഴ തോട്ടിലക്കോണ് തട്ടുന്നത്. മുരുക്കുംമൂട്ടിലുള്ള നഗരസഭയുടെ മാലിന്യ നിക്ഷേപകേന്ദ്രം അടച്ചു പൂട്ടിയിരിക്കുകയാണ്

2. പ്ളാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയും ജൈവ മാലിന്യം പേട്ട മൈതാനിയിലും മത്സ്യമാർക്കറ്റിലെ തുമ്പൂർമൂഴി മോഡൽ സംസ്കരണ കേന്ദ്രത്തിലും സംസ്കരിക്കുന്നുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം

കരിപ്പുഴ തോട്ടിലെ മാലിന്യവും ദുർഗന്ധവും കാരണം ജീവിക്കാൻ പറ്റാതായി. കുടിവെള്ളം പോലും മലിനമാകുന്നതിനാൽ കുട്ടികൾക്ക് ഉൾപ്പടെ രോഗങ്ങൾ ഒഴിഞ്ഞ നേരമില്ല

-മോഹനൻ,​ പ്രദേശവാസി

കരിപ്പുഴ തോട്

ദൈർഘ്യം: 11 കി.മീറ്റർ

ഉത്ഭവം : അച്ഛൻ കോവിലാറിൽ