ആലപ്പുഴ : രണ്ടാംകൃഷിയുടെ വിളവെടുപ്പ് ആരംഭിക്കുകയും പുഞ്ചകൃഷിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തിട്ടും സർക്കാർ നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രം താങ്ങുവില വർദ്ധിപ്പിച്ചെങ്കിലും, മുൻവർഷങ്ങളിലെപ്പോലെ അതിന്റെ പ്രയോജനം തങ്ങൾക്ക് ലഭിക്കാതിരിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
2023 ജൂണിൽ കിലോയ്ക്ക് 20.40രൂപയായിരുന്ന താങ്ങുവില കേന്ദ്രം 21.83 രൂപയാക്കിയെങ്കിലും ഈ ആനുകൂല്യം സംസ്ഥാനത്തെ കർഷകരിലേക്ക് എത്തിയില്ല. സംസ്ഥാന സർക്കാർ പ്രോത്സാഹനത്തുക ആനുപാതികമായി കുറച്ചതാണ് കാരണം. മുമ്പ് നൽകിയിരുന്ന പ്രോത്സാഹനവിഹിതമായ 7.80 രൂപ, 6.37 രൂപയായി കുറയ്ക്കുകയാണ് സംസ്ഥാനം ചെയ്തത്.
നെല്ല് സംഭരണം സംബന്ധിച്ച അനിശ്ചിതത്വം കാരണം കുറച്ച് മില്ലുകൾ മാത്രമാണ് നെല്ല് സംഭരണത്തിന് മുന്നോട്ട് വന്നിട്ടുള്ളത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ താത്പര്യം എടുക്കാതായതോടെ 2018-ൽ 15,000 ഹെക്ടറായിരുന്ന രണ്ടാം കൃഷി ഈ സീസണിൽ 8,850 ഹെക്ടറിൽ ചുരുങ്ങി.
വിളവ് കുറഞ്ഞു, നഷ്ടം കൂടി
1.വിലയും വിളവും കുറഞ്ഞതോടെ കൃഷി നഷ്ടത്തിലായിരിക്കെ നെല്ലിന്റെ താങ്ങുവിലയും കൈകാര്യചെലവുമുൾപ്പെടെ പ്രഖ്യാപിക്കാതെ കർഷകരെ കഷ്ടത്തിലാക്കുകയാണ് സർക്കാർ
2.രണ്ടാം കൃഷിയുടെ വിളവെടുപ്പിനായി കുട്ടനാട്ടിലാകമാനം ഒരുക്കങ്ങൾ ആരംഭിക്കുകയും ഇടശ്ശേരി വരമ്പിനകം, ദേവസ്വം വരമ്പിനകം, എടത്വാ പാടശേഖരങ്ങളിൽ 10 സംയോജിത കൊയ്ത്തു യന്ത്രങ്ങൾ വിന്യസിക്കുകയും ചെയ്തു
3.നെല്ല് സംഭരണത്തിന് മില്ലുകളെ ചുമതലപ്പെടുത്തുന്നതിലെ കാലതാമസം സംഭരണത്തെയും പണം ലഭ്യമാക്കുന്നതിനെയും ബാധിക്കുമെന്നതാണ് കർഷകരെ അലട്ടുന്നത്.
നെല്ലിന്റെ താങ്ങുവിലയിൽ ഉണ്ടായ വർദ്ധന
117 രൂപ (ക്വിന്റലിന്)
മറ്റ് സംസ്ഥാനങ്ങൾ നൽകുന്നുണ്ട്
കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില അപര്യാപ്തമാണെന്ന കാരണത്താൽ മിക്ക സംസ്ഥാനങ്ങളും കർഷകർക്ക് സ്വന്തം നിലയിൽ പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകിവരുന്നുണ്ട്. ഒറീസയിൽ പ്രൊഡക്ഷൻ ഇൻസന്റീവായി 8 രൂപയാണ് നൽകുന്നത്. ഒരു കിലോയ്ക്ക് 31 രൂപയാണ് അവിടെ നെല്ലുവില.
രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിൽ കേന്ദ്ര താങ്ങുവിലയിലെ വർദ്ധനവ് നടപ്പിലാക്കാൻ നിർദേശം ലഭിച്ചിട്ടില്ല
- പാഡി മാർക്കറ്റിംഗ് ഓഫീസർ, കുട്ടനാട്
കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണനയം വ്യക്തമാക്കാത്ത സർക്കാർ നടപടി ദുരൂഹമാണ്. കർഷകദ്രോഹസമീപനം ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം. ഉൽപ്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് കേന്ദ്ര വിഹിതത്തിനൊപ്പം ഒറീസയിലേതുപോലെ സംസ്ഥാന സർക്കാരും പ്രൊഡക്ഷൻ ഇൻസെന്റീവ് വർദ്ധിപ്പിക്കണം
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി