
ആലപ്പുഴ : അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണം ഈ മാസം 24നകം പൂർത്തിയാക്കണമെന്ന നിയമ സേവന അതോറിട്ടിയുടെ നിർദ്ദേശം ഗൗനിക്കാതെ ആലപ്പുഴ നഗരസഭ. റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനാൽ, ജൂലായ് 29നാണ് നഗരസഭാ സെക്രട്ടറിക്ക് അതോറിട്ടി നിർദ്ദേശം നൽകിയത്.
കാലാവസ്ഥ അനുകൂലമകുന്ന മുറയ്ക്ക് മൂന്ന് ദിവസം കൊണ്ട് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. രണ്ട് മാസത്തിനിടെ പല ആഴ്ചകളിലും കാലാവസ്ഥ അനുകൂലമായിരുന്നിട്ടും നിർമ്മാണം പൂർത്തീകരിച്ചില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പേ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാതിരുന്നതോടെയാണ് അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിയമസഹായം തേടിയത്.
നിലവിൽ കരാർ എടുത്തിട്ടുള്ളയാളെ മാറ്റി പുതിയ കരാറുകാരനെ കണ്ടെത്തി റീടെൻഡർ നടത്തുമെന്നാണ് നഗരസഭാ സെക്രട്ടറി അത്തിത്തറ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധിക്ക് ഒടുവിൽ നൽകിയ മറുപടി. ഇതോടെ, അടുത്തകാലത്തെങ്ങും അത്തിത്തറ - കാവിത്തോട് റോഡിന്റെ ദുരിതാവസ്ഥയ്ക്ക് മാറ്റം വരില്ലെന്നുറപ്പായി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയിൽ പ്രദേശവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നഗരസഭാദ്ധ്യക്ഷ നേരിട്ട് വിഷയത്തിൽ ഇടപെട്ട് റോഡുപണി ഉടൻ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകു്യായിരുന്നു. എന്നാൽ, പ്രദേശത്ത് മെറ്റൽ നിരത്തിയ ശേഷം ടാറിങ്ങിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഗത്യന്തരമില്ലാതെ നാട്ടുകാർ
നിയമസേവന അതോറിട്ടിയുടെ നിർദ്ദേശത്തിലായിരുന്നു അത്തിത്തറക്കാരുടെ അവസാന പ്രതീക്ഷ
അതും പാലിക്കപ്പെടാതെ വന്നതോടെ പ്രദേശവാസികൾക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്
നിലവിലെ ഉത്തരവിന്റെ പകർപ്പ് വെച്ച് പുതിയ പെറ്റീഷൻ നിയമ സേവന അതോറിട്ടിയിൽ ഫയൽ ചെയ്യാം
ഈ മാർഗം സ്വീകരിച്ചില്ലെങ്കിൽ മുൻസിഫ് കോടതിയിൽ കേസുമായി നീങ്ങാം
റോഡ് പണി സെപ്റ്റംബർ 24നകം പൂർത്തീകരിക്കണമെന്ന നിർദ്ദേശത്തിൽ ഒപ്പിട്ടതിനാൽ നഗരസഭയ്ക്ക് അപ്പീൽ പോകാനാവില്ല
അടുത്ത ദിവസം തന്നെ പൊതുയോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കാനുള്ള തീരുമാനത്തിലാണ് ജനങ്ങൾ
കരിമ്പട്ടികയിൽപ്പെടുത്തണം
കരാർ ഏറ്റെടുത്ത ശേഷം റോഡ് പണി പൂർത്തീകരിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
റോഡ് പണി പൂർത്തീകരിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. നിയമനടപടികളുമായി മുന്നോട്ട് പോകുന്നതടക്കം പൊതുയോഗം ചേർന്ന് തീരുമാനിക്കും
- വി.എസ്.മഹേഷ്, അത്തിത്തറ റസിഡൻസ് അസോസിയേഷൻ