ആലപ്പുഴ : ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്ന കാഴ്ചകളുമായി കളക്ടറുടെ ചേമ്പറും കോൺഫറൻസ് ഹാളും അണിഞ്ഞൊരുങ്ങും. ആലപ്പുഴയെന്ന സ്ഥലനാമത്തിന് പിന്നിൽ മഹാത്മ ഗാന്ധിയുടെ ചിത്രത്തിനൊപ്പം റാട്ടും കുട്ടനാടൻ നെല്ലും നെഹ്രുട്രോഫി ജലോത്സവുമെല്ലാം ചുവരിൽ മിന്നിത്തിളങ്ങും. നിർമ്മിതിയുടെ നേതൃത്വത്തിൽ ഒരുകോടി രൂപ ചെലവിട്ടാണ് കളക്ടറുടെ ചേമ്പറും കോൺഫറൻസ് ഹാളും നവീകരിക്കുന്നത്. സിവിൽ സ്റ്റേഷൻ നിർമ്മിച്ച കാലത്ത് പണികഴിപ്പിച്ച കളക്ടറുടെ ചേമ്പറിലും കോൺഫറൻസ് ഹാളിലും പിന്നീട് കാര്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല.
അലക്സ് വർഗീസ് കളക്ടറായി എത്തിയതിന് പിന്നാലെയാണ് ഓഫീസ് സമുച്ചയം നവീകരിക്കാനുള്ള പദ്ധതി ആരംഭിച്ചത്. കളക്ടറുടെ ഓഫീസ് ജീവനക്കാരുടെയും സന്ദർശകരുടെയും സൗകര്യങ്ങളും ഇതോടൊപ്പം മെച്ചപ്പെടുത്തും. നിർമ്മാണത്തിനായി ചേമ്പർ പൊളിച്ചതോടെ, നവീകരണത്തിന്റെ ഭാഗമായി അമ്പത് ശതമാനം ജോലികൾ പൂർത്തിയാക്കിയ കോൺഫറൻസ് ഹാളിലിരുന്നാണ് കളക്ടർ ഔദ്യോഗികകൃത്യങ്ങൾ നിർവഹിക്കുന്നത്. നൂറുപേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിലാണ് കോൺഫറൻസ് ഹാളിലെ ക്രമീകരണം. പുതിയ ചെയറുകൾ സ്ഥാപിച്ച ഇവിടെയും കളക്ടറുടെ ചേമ്പറിലും വീഡിയോ കോൺഫറൻസിംഗിനുള്ള സംവിധാനങ്ങളുണ്ടാകും.
പച്ചപ്പും ക്യാമറകളും
 ശീതീകരിച്ച കോൺഫറൻസ് ഹാൾ
 100 ശതമാനം സൗണ്ട് പ്രൂഫ്
 എക്കോ പ്രൂഫ്
 പച്ചപ്പിനായി ഇൻഡോർ പ്ളാന്റ്സ്
 ടോയ്ലറ്റ് സംവിധാനം
 നിരീക്ഷണ ക്യാമറകൾ
 വീഡിയോ കോൺഫറൻസിംഗ് സൗകര്യം
ഐ.ടി ഓഫീസ് മാറ്റി
കളക്ടറുടെ ചേമ്പറിനൊപ്പം ഓഫീസ് സൗകര്യങ്ങൾ കൂടി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടർ ഓഫീസിനോട് ചേർന്നുളള ഐ.ടി ഓഫീസുൾപ്പെടെയുള്ളവ ഇവിടെ നിന്ന് മാറ്റി. കളക്ടറുടെ സി.എ, ഡഫേദാർ എന്നിവരുടെ ഓഫീസുകൾ അൽപ്പംകൂടി സ്ഥലസൗകര്യം കൂട്ടുന്നതിനൊപ്പം സന്ദർശകർക്കും വി.ഐ.പികൾക്കുമുള്ള ഇരിപ്പിട സൗകര്യവും റിസപ്ഷനും സജ്ജമാക്കാനും പദ്ധതിയുണ്ട്.