ഒച്ചുശല്യത്തിൽ പൊറുതി മുട്ടി പ്രദേശവാസികൾ
ആലപ്പുഴ : ശുചിത്വത്തിന് ദേശീയ പുരസ്ക്കാരം നേടിയിട്ടുള്ള ആലപ്പുഴ നഗരത്തിന്റെ ശോഭ കെടുത്തുകയാണ് ഇപ്പോൾ വിവിധഭാഗങ്ങളിൽ കൂടിക്കിടക്കുന്ന പളാസ്റ്റിക് അടക്കമുള്ള മാലിന്യം. പ്ലാസ്റ്റിക് മാലിന്യമെന്ന പേരിൽ ഭക്ഷണഅവശിഷ്ടങ്ങളടക്കം തള്ളുന്ന വഴിച്ചേരിയിലെ പ്രവർത്തനം നിലച്ച ആധുനിക അറവുശാലയുടെ പുരയിടത്തിൽ നിന്ന് അയൽവീടുകളിലേക്ക് പാമ്പുകളും ഒച്ചുകളും ഇഴഞ്ഞുകയറുന്നു . ഇഴന്തുക്കളുടെ ശല്യത്തിൽ പൊറുതി മുട്ടി അധികൃതരുടെ സേവനത്തിനായി പല വട്ടം വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഹരിതകർമ്മസേന വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് തരംതിരിച്ച് കയറ്റി അയക്കുന്നതിനായി ഇവിടെ എത്തിക്കുന്നത്. ഇതിന് പുറമേ വഴിപോക്കരടക്കം പ്രദേശത്തേക്ക് മാലിന്യം വലിച്ചെറിയുന്നുമുണ്ട്. വർഷങ്ങളായി ശേഖരിച്ചുവച്ചിരിക്കുന്ന മാലിന് ചാക്കുകൾ അറവുശാല കെട്ടിടവും ഗ്രൗണ്ടും നിറഞ്ഞ് കവിഞ്ഞ് മതിലിന് പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
തരംതിരിക്കുന്നുണ്ട്, മാറ്റുന്നില്ല
ഇവിടെ നിന്ന് ഘട്ടംഘട്ടമായി പ്ളാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം
എന്നാൽ ഓരോദിവസം ചെല്ലുന്തോറും മാലിന്യമലയുടെ ഉയരും കൂടുന്നതല്ലാതെ താഴുന്നില്ലെന്ന് പ്രദേശവാസികൾ
തരംതിരിക്കാനായി ഹരിതകർമ്മസേന എത്തുന്നുണ്ടെങ്കിലും അടുത്തകാലത്തെങ്ങും ഇവിടെ നിന്ന് മാലിന്യം നീക്കിയിട്ടില്ല
മെഗാ ശുചീകരണത്തിന് ഇന്ന് തുടക്കം
മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരത്തിലെ പൊതു ഇടങ്ങളും കനാലുകളും വൃത്തിയാക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വാരിയെടുക്കുന്ന മാലിന്യങ്ങൾ വീണ്ടും മാലിന്യമലയിൽ നിക്ഷേപിക്കാതെ സമയബന്ധിതമായി നീക്കം ചെയ്യാൻ അധികൃതർ മനസ് വയ്ക്കണം.
അന്നും ഇന്നും ജനങ്ങൾക്ക് ദുരിതം
2009ലാണ് വഴിച്ചേരിയിൽ ആധുനിക അറവുശാല നിർമ്മിച്ചതെങ്കിലും പദ്ധതി തുടക്കത്തിലേ പാളി. അഴിമതിയുടെ ബാക്കിപത്രമായി മാറിയ കെട്ടിടം വർഷങ്ങൾക്ക് മുമ്പാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ഉപയോഗിച്ചുതുടങ്ങിയത്. വീടുകളിൽ നിന്നൊഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിദേശ സഞ്ചാരികൾക്ക് മുന്നിലടക്കം നഗരത്തിന് നാണക്കേടായി മാറുകയാണ് ഇപ്പോൾ
മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള ഒച്ചുകൾ വീടിന് ഉള്ളിൽ വരെയെത്തും. ഒരു കൃഷിയും ചെയ്യാനാവുന്നില്ല. ഒച്ച് ശല്യം അതിരൂക്ഷമാണ്. മുമ്പ് ആധുനിക അറവുശാല പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ യന്ത്രം പ്രവർത്തിക്കാതെ അഴുകിയ മാംസങ്ങളിൽ നിന്നുള്ള പുഴുക്കൾ ഉൾപ്പടെ വീടിനോട് ചേർന്ന കാനയിലൂടെ ഒഴുകുമായിരുന്നു. അറവുശാല പൂട്ടിയിട്ടും മാലിന്യം കൊണ്ടുള്ള ദുരിതത്തിന് അറുതിയില്ല
- പ്രദേശവാസികൾ