ആലപ്പുഴ : സംസ്ഥാനത്തെ 66 പഞ്ചായത്തുകളെ തീരദേശപരിപാലന നിയമത്തിലെ (സി.ആർ.ഇസെഡ്) സോൺ മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാൻ കേന്ദ്രം അനുമതി നൽകിയത് ജില്ലയ്‌ക്ക് കാര്യമായ ആശ്വാസമാകില്ലെന്ന് വിലയിരുത്തൽ. കൂടുതൽ പഞ്ചായത്തുകളെ

സോൺ രണ്ടിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടിൽ മാത്രമായി ഒതുങ്ങി. അമ്പലപ്പുഴ നോർത്ത്, സൗത്ത് പഞ്ചായത്തിലെ 7വാർഡുകൾ മാത്രമാണ് സോൺ രണ്ടിൽ ഉൾപ്പെട്ടത്. തീരദേശമേഖലയിൽപ്പെട്ട ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, കായംകുളം നഗരസഭകളും സോൺ രണ്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ 34 പഞ്ചായത്തുകളാണ് തീരമേഖലയിലുള്ളത്. ഇതിൽ സോൺ മൂന്ന് ബിയിൽ ഒമ്പതും സോൺ രണ്ടിൽ രണ്ട് പഞ്ചായത്തുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

തീരപരിപാലന നിയമം കർശനമാകുന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരത്ത്

ഒരുതരത്തിലുള്ള നിർമ്മാണവും നടത്താനാകില്ല. ആറാട്ടുപുഴ പഞ്ചായത്തിൽ കടലിനും കായലിനുമിടയിൽ 500 മീറ്ററിൽ താഴെയാണ് കരഭാഗമുള്ളത്. ഇവിടെ 200മീറ്റർ വരെ നിരോധനവും 200മുതൽ 500മീറ്റർ വരെ നിയന്ത്രണവും വരുന്നതോടെ പുതിയ നിർമ്മാണം സാദ്ധ്യമല്ല. ജനസാന്ദ്രത കൂടുതലുള്ള പഞ്ചായത്തുകളെ സോൺ രണ്ടിലും മറ്റുള്ളവയെ 50 മീറ്റർ വരെ നിയന്ത്രണമുള്ള സോൺ മൂന്നിലും ഉൾപ്പെടുത്തണമെന്നതാണ് ആവശ്യം. എന്തായാലും,

പുതിയ കേന്ദ്രാനുമതി നിലവിലെ സോണുകളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് അറിയാൻ

അന്തിമ വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതുണ്ട്.

സോൺ രണ്ടിൽ 2 പഞ്ചായത്ത് മാത്രം

1. സോൺ 3ബിയിൽ വേലിയേറ്റ മേഖലയിൽ നിന്ന് 200മീറ്റർ വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര നോർത്ത്, മാരാരിക്കുളം നോർത്ത്, പട്ടണക്കാട്, തുറവൂർ, കോടംതുരുത്ത് എന്നീ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെടും

2. ചിങ്ങോലി,ദേവികുളങ്ങര,കണ്ടല്ലൂർ,കാർത്തികപ്പള്ളി, കൃഷ്ണപുരം, മുതുകുളം, പത്തിയൂർ, പുന്നപ്ര സൗത്ത്, അരൂക്കുറ്റി, അരൂർ, ചേന്നംപള്ളിപ്പുറം, എഴുപുന്ന, പാണാവള്ളി, പെരുമ്പളം, തണ്ണീർമുക്കം, തൈക്കാട്ടുശ്ശേരി, വയലാർ എന്നീ തീരദേശ പഞ്ചായത്തുകൾ നോൺ ഡവലപ്പ്മെന്റ് സോണിലാണുള്ളത്

3. കടൽ, കായൽ വേലിയേറ്റ മേഖലയിൽ നിന്ന് 200 മീറ്ററായിരുന്ന ബഫർ സോൺ 50ആയി കുറച്ച സോൺ 3 എയിൽ കുത്തിയതോട്, കടക്കരപ്പള്ളി, മാരാരിക്കുളം സൗത്ത്, ചേർത്തല സൗത്ത്, ആര്യാട്, പുന്നപ്ര നോർത്ത് പഞ്ചായത്തുകളാണുള്ളത്

തീരപരിപാലന നിയമം ഭേദഗതി ചെയ്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബഫർസോൺ പരിധി 20 മീറ്ററായി കുറക്കണം. തീരപരിപാലന അതോറിട്ടിക്ക് നൽകിയ നിവേദനത്തിലെ 20 ആവശ്യങ്ങൾ പരിഗണിക്കണം

- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ