f

ആലപ്പുഴ: മാലിന്യ മുക്ത നവകേരളം, സ്വച്ഛതാ ഹീ സേവ മെഗാ ക്യാമ്പയിന്റെ ഭാഗമായി വൈ.എം.സി.എ ജംഗ്ഷൻ മുതൽ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെയുള്ള ജലാശയവും പൊതു ഇടങ്ങളും ശുചീകരിച്ച് ആലപ്പുഴ നഗരസഭ . 400 ഓളം വോളന്റിയർമാർ ശുചീകരണത്തിന്റെ ഭാഗമായി. ജനപ്രതിനിധികൾ, കാൻ ആലപ്പി, എസ്.ഡി കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, യു.ഐ.ടി, സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ, സായ്, കയാകിംഗ്, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കാളികളായി.സായ്, കയാകിംഗ് ടീമുകൾ ചെറുവള്ളങ്ങളിൽ ജലാശയങ്ങളിലെ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും നീക്കം ചെയ്തു. 28ന് നടക്കുന്ന നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബഹുജന പങ്കാളിത്തത്തോടു കൂടിയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് നഗരസദ്ധ്യക്ഷ പറഞ്ഞു. നാളെ ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര നടത്തും. ടൗൺഹാളിൽ നിന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന വിളംബര ജാഥ മുല്ലക്കൽ വഴി എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും.മികച്ച ശുചിത്വ സന്ദേശ റാലി അണിനിരക്കുന്ന സ്‌കൂളുകൾക്കും സംഘടനകൾക്കും നഗരസഭ പുരസ്‌കാരം നൽകും. മെഗാ ശുചീകരണ ക്യാമ്പയിൻ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത സ്വാഗതം പറഞ്ഞു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജി.സതീദേവി, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, ബി.മെഹബൂബ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, നോഡൽ ഓഫീസർ സി.ജയകുമാർ, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ.അൻസർ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ലക്ഷ്മി , സിസ്റ്റർ ബിൻസി, കാൻ ആലപ്പി പ്രതിനിധികളായ എ.വിഷ്ണു, ഐ.ശ്രീലക്ഷ്മി, അഖിൽ, സായ് പ്രതിനിധി അനന്തു തുടങ്ങിയവർ സംസാരിച്ചു.

.........

# ഗ്രീൻപ്രോട്ടോക്കോൾ ഓഫീസായി കെ.എസ്.ആർ.ടി.സി

ജില്ലയിൽ വിവിധ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തി .എ.ടി.ഒ എ.അജിത്, നോഡൽ ഓഫീസർ ആർ.രഞ്ജിത്, പി.എസ്.ജയൻ, പ്രദീപ്, ഷാനിദ് അഹമ്മദ് , അജിത്കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൃത്തിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടികൾ വച്ച് ആകർഷകമാക്കും. ഇതിന്റെ പരിപാലന ചുമതല ജീവനക്കാർക്ക് നൽകും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന ഹരിത ഓഫീസ് എന്ന പ്രഖ്യാപനവും ഗാന്ധിജയന്തി ദിനത്തിൽ നടക്കും. സംസ്ഥാനത്തെ ആദ്യ ഗ്രീൻപ്രോട്ടോക്കോൾ ഓഫീസ് എന്ന ബഹുമതി ആലപ്പുഴ ഡിപ്പോയ്ക്ക് സ്വന്തമാകും.