
അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ, സർജറി അത്യാഹിത വിഭാഗങ്ങളിൽ നിന്ന് തിരിയാൻ ഇടമില്ലാതെവീർപ്പുമുട്ടി രോഗികളും, ജീവനക്കാരും. രക്ത സാമ്പിൾ കേന്ദ്രവും ,ഇ. സി.ജി വിഭാഗവും പ്രവർത്തിക്കുന്നതും മെഡിസിൻ അത്യാഹിത വിഭാഗത്തിലാണ്. ജീവനക്കാർ യൂണിഫോം മാറുന്നതും ഇതിനകത്തുള്ള പ്ലൈവുഡ് മറച്ച സ്ഥലത്താണ്. പകർച്ചവ്യാധികളും, പനിയും വ്യാപകമായതോടെ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും നിരവധി രോഗികളാന്ന് മെഡിസിൻ അത്യാഹിത വിഭാഗത്തിൽ ദിവസേന എത്തുന്നത്.
രോഗവുമായി വരുന്നവരും ഇ .സി. ജി, രക്തസാമ്പിൾ പരിശോധനക്കെത്തുന്നവരും കൂടിയാകുമ്പോൾ മെഡിസിൻ അത്യാഹിത വിഭാഗം നിറയും. രോഗികൾക്കിരിക്കാൻ ഇരിക്കാൻ കസേരകൾ പോലുമില്ല. ഉച്ചക്ക് രണ്ടു മണി വരെ മാത്രമാണ് ഒ.പി യിൽ രക്ത പരിശോധന നടക്കുന്നത്. അതു കഴിഞ്ഞാൽ രോഗികൾ കൂട്ടത്തോടെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ എത്തും. ആശുപത്രി വികസസന സമിതി യോഗത്തിനെത്തിയ മന്ത്രി പി. പ്രസാദ് അത്യാഹിത വിഭാഗത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ആശുപത്രി അധികൃതർ ഒന്നും ചെയ്യാൻ തയ്യാറായിട്ടില്ല. വാഹനാപകടത്തിലും, മറ്റ് അപകടങ്ങളിലും പെട്ട് നിരവധി ആളുകൾ എത്തുന്ന സർജറി അത്യാഹിത വിഭാഗത്തിലും വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല
അടിസ്ഥാന സൗകര്യം കുറവായതിനാൽ സ്ട്രെച്ചറിലും, വീൽ ചെയറിലും കിടത്തി രോഗികളെ പരിശോധിക്കേണ്ട അവസ്ഥ
ടേബിളിൽ നിന്നും ഒരു രോഗിയെ വാർഡിലേക്കു മാറ്റിയാൽ മാത്രമെ അടുത്ത രോഗിയെ കിടത്താനാവുകയുള്ളൂ
അടിസ്ഥാന സൗകര്യക്കുറവും സ്ഥലപരിമിതിയും മൂലം വീർപ്പുമുട്ടുകയാണ് രണ്ട് അത്യാഹിത വിഭാഗങ്ങളും
നിരവധി കെട്ടിട സമുച്ചയങ്ങളുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് ആവശ്യം
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇരു അത്യാഹിത വിഭാഗങ്ങളിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. തിരക്ക് കാരണം രോഗികൾ തല കറങ്ങി വീഴുന്നതും നിത്യസംഭവമാണ്. അത്യാഹിത വിഭാഗങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉള്ള കെട്ടിടം ഒരുക്കണം
- നിസാർ വെള്ളാപ്പള്ളി,പൊതുപ്രവർത്തകൻ