ആലപ്പുഴ: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ ചരിത്രം പുസ്തമാകുന്നു. ഹരിപ്പാട് വെള്ളംകുളങ്ങര യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥികൾ ഒരുവർഷത്തോളം സമയമെടുത്ത് തയാറാക്കിയ 136പേജുള്ള 'സ്വാതന്ത്ര്യകീർത്തി' പുസ്തകപ്രകാശനം 27ന് വൈകിട്ട് 4.30ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. സ്‌കൂൾ സാമൂഹികശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരോടൊപ്പം അവധിദിനങ്ങളിൽ സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. വാർത്തസമ്മേളനത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വി.രജനീഷ്, പ്രദ്ധ്യാപിക സുമി റേച്ചൽ സോളമൻ, എസ്.എം.സി ചെയർമാൻ സുരജിത്ത്കുമാർ, രാകേഷ് വിദ്യാധരൻ എന്നിവർ പങ്കെടുത്തു.