
മുഹമ്മ: അധികാരികളുടെ നിസ്സംഗതയിൽ മുഹമ്മയിലെ വാണിജ്യ കനാലായ അങ്ങാടിത്തോട് നാശത്തിലേക്ക്. ഒരു കാലത്ത് നാട്ടുകാരുടെ പ്രധാന ആശ്രയമായിരുന്ന അങ്ങാടിത്തോട് ഇപ്പോൾ അനാഥമാണ്. പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യവും ചെളിയും അടിത്തട്ടിൽ അടിഞ്ഞും പോളയും കുറ്റിക്കാടും വളർന്നും തോട് ഓർമ്മയാകുന്ന അവസ്ഥയാണ്. മുഹമ്മ ബസ് സ്റ്റാൻഡിൽ തുടങ്ങി വേമ്പനാട്ട് കായലിൽ അവസാനിക്കുന്നതാണ് തോട്. ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന മുഹമ്മ ബസ് സ്റ്റാൻഡിലെ ദുശകുനമായ അങ്ങാടിത്തോടിന്റെ നവീകരണം നാട്ടുകാരുടെ നെടുനാളത്തെ ആവശ്യമാണ്.
മറക്കുന്ന സാദ്ധ്യതകൾ
മുഹമ്മയുടെ വാണിജ്യ ആവശ്യങ്ങൾക്കായി പഴമക്കാർ നിർമ്മിച്ചതാണ് അങ്ങാടിത്തോട്. മാവേലിക്കര, ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നും കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികളും പലവ്യഞ്ജനങ്ങളും നിർമ്മാണ സാമഗ്രികളും ഈ തോട്ടിലൂടെയാണ് പണ്ട് എത്തിച്ചിരുന്നത്. ഇവിടെ നിന്ന് മുഹമ്മ കമ്പോളത്തിലേക്കും കഞ്ഞിക്കുഴി, മാരാരിക്കുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും കൈവണ്ടികളിലും തലച്ചുമടുമായാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. ഇതിനായി നൂറുകണക്കിന് തൊഴിലാളികളും പണിയെടുത്തിരുന്നു. കാലം മാറിയതോടെ തോട് വിസ്മൃതിയിലായെങ്കിലും സാദ്ധ്യതകൾ അവശേഷിക്കുന്നുണ്ട് എന്നകാര്യം അധികൃതർ മറന്നുപോകുന്നു. സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ആരും ശ്രമിക്കുന്നില്ലെന്ന് ചുരുക്കം.
കൈകൊടുത്താൽ കരകയറും
1.ദേശീയ ജലപാതയോട് ചേർന്നുകിടക്കുന്നതാണ് അങ്ങാടിത്തോടും വള്ളക്കടവും. കുറഞ്ഞ ചെലവിൽ ചരക്ക് നീക്കം നടത്താനും വിനോദ സഞ്ചാരത്തിന് പ്രയോജനപ്പെടുത്താനും ഈ തോടിന്റെ നവീകരണത്തിലൂടെ കഴിയും
2.മുഹമ്മ ബസ് സ്റ്റാൻഡിനോട് ചേർന്ന് കിടക്കുന്ന ഈ തോട്ടിലൂടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാതിരാമണലിലേക്ക് ശിക്കാരി വള്ളവും ബോട്ട് സർവ്വീസും നടത്താവുന്നതാണ്
3.ബോട്ട് സർവീസ് പഞ്ചായത്തിന് നല്ലൊരു വരുമാന മാർഗ്ഗവുമാകും. കൂടാതെ, ബസ് സ്റ്റാൻഡ് വികസനത്തിനും വഴി തെളിക്കും. ക്രമേണ മുഹമ്മ ബോട്ട് ജെട്ടി ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കാനും കഴിയും
അങ്ങാടിത്തോട്
നീളം : അര കി.മീറ്റർ
വീതി: എട്ട് മീറ്റർ
തോട് വൃത്തിയാക്കാൻ 1,35,000രൂപ വേണ്ടി വരുമെന്നാണ് എസ്റ്റിമേറ്റ്. തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലഭ്യമായാൽ ഗാന്ധിജയന്തി ദിനത്തിൽ തന്നെ ശുചീകരണം തുടങ്ങും
- സ്വപ്ന ഷാബു, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്