ആലപ്പുഴ: ജലരാജാവിനെ കണ്ടെത്താൻ കേവലം രണ്ട് പകലുകളുടെ മാത്രം കാത്തിരിപ്പ്. വള്ളങ്ങളുടെ ട്രയലുകൾ ഇന്ന് അവസാനിക്കും. നാളെ കായികതാരങ്ങൾക്ക് വിശ്രമദിനമാണ്. പ്രമുഖ ക്ലബുകൾ പലതും കഴിഞ്ഞ ദിവസം തന്നെ ട്രാക്കിലെ പരിശീലനം അവസാനിപ്പിച്ച് വള്ളം കരയ്ക്ക് കയറ്റിയിരുന്നു. നാളത്തെ ദിനം പരിശീലനം പോലെ തന്ന പ്രധാനപ്പെട്ട വള്ളമൊരുക്കൽ ദിനമാണ്. വെള്ളത്തിൽ ചാട്ടുളി കണക്കെ കുതിച്ചുപായാൻ പ്രാപ്തമാക്കും വിധമാണ് പരിപാലനം. പരമ്പരാഗത രീതിയോട് വിട പറഞ്ഞ് മുട്ടയ്ക്കും നെയ്ക്കും പകരം സ്ലീക്ക് അടിച്ചാണ് വള്ളങ്ങളെ മിനുസപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം പല വള്ളങ്ങളും വിവിധ വർണങ്ങളിലാണ് അരങ്ങിലെത്തിയത്. ഇത്തവണ നിറത്തിൽ ഏകീക‌ൃത സ്വഭാവം വേണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കറുപ്പോ, തടിയുടെ നിറമോ ആകാം. നെഹ്റുട്രോഫി ജലമേള സുവർണ വർഷത്തിലെത്തുമ്പോൾ, തലമുറകളുടെ ആവേശത്തിന്റെ പ്രതീകം കൂടിയായി മാറുകയാണ് വള്ളംകളി.

സ്റ്റാർട്ടിംഗ് ഡിവൈസ്:

പരിശോധന കഴിഞ്ഞു


സ്റ്റാർട്ടിംഗ് ഡിവൈസിന്റെ പ്രാരംഭ പരിശോധന പൂർത്തിയായി. റേസ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ സി.കെ.സദാശിവൻ, ചീഫ് സ്റ്റാർട്ടർ കെ.കെ.ഷാജു, ചീഫ് മാസ്റ്റർ ഒഫ് സെറിമണി ആർ.കെ.കുറുപ്പ്, റേസ് കോർഡിനേറ്റർ എസ്.എം.ഇക്ബാൽ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ കൂടിയായ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം.സി.സജീവ് കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ട്രയൽറൺ നാളെ

#ശനിയാഴ്ച രണ്ടുമണിക്ക് ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിക്കും

#വൈകിട്ട് 5.30 ന് പൂർത്തിയാകും

#ട്രാക്കിന്റെയും പവലിയന്റെയും 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി

#മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് സ്റ്റാർട്ടിംഗ്,​ ഫിനിഷിംഗ് പോയിന്റുകളിൽ സംവിധാനങ്ങൾ

# ട്രാക്കിലെ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം രേഖപ്പെടുത്തും

#1150 മീറ്റർ ട്രാക്കിൽ കുറ്റിയടിച്ചു കഴിഞ്ഞു

# പവലിയനിലും ഫിനിഷിംഗ് പോയിന്റിലും എൽ.ഇ.ഡി വാൾ