ph

കായംകുളം: കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ മുളക്കുഴ അരീക്കര ചെറുകുന്നിൽ സുകേശിനിക്ക് (64) ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട്ടിൽ സംരക്ഷണം നൽകി. പൊലീസ് കോൺസ്റ്റബിൾ ജെസീല.എ ഗാന്ധിഭവനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം , ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ സ്നേഹവീട്ടിലേക്ക് ഏറ്റെടുക്കുകയായിരുന്നു.സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പൊലീസ് ഓഫീസർമാരായ ജെസീല.എ.ശ്യാം,സനോജ് എന്നിവരാണ് സുകേശിനിയെ ഗാന്ധിഭവനിലേക്ക് യാത്രയാക്കിയത്.

സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം വിറ്റ് ജീവിക്കാനായി ഭർത്താവ് രാഘവൻ ഒരു ഓട്ടോറിക്ഷ വാങ്ങുകയും , മുളക്കുഴ അരീക്കരയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. 7 വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടു. ഓട്ടോറിക്ഷ വിറ്റ് കിട്ടിയ പണവുമായി സഹോദരിയുടെ വീട്ടിലായിരുന്നു അഭയം.സഹോദരിയും ഭർത്താവും വാർദ്ധക്യസഹജമായ രോഗത്തിൽ ബുദ്ധിമുട്ടിലായപ്പോൾ സുകേശിനിയെ കൂടി സംരക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് മുതുകുളത്തുള്ള ചില ബന്ധുവീടുകളിൽ എത്തിയെങ്കിലും പ്രതീക്ഷകൾ നഷ്ടമായി. എവിടെ പോകണം എന്നറിയാതെ മുതുകുളം പാണ്ഡവർ കാവ് ജംഗ്ഷനിൽ ക്ഷീണിതയായി നിന്ന സുകേശിനിയെ , അതുവഴി ഡ്രൈവിംഗ് പഠനത്തിന് വന്ന രണ്ട് യുവതികൾ വിവരം തിരക്കുകയും കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.