ഹരിപ്പാട് : കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ല് കുത്തി അരിയാക്കി കുട്ടനാടൻ ബ്രാൻഡ് ആയി വിപണിയിലിറക്കുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല.

മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയായിരുന്നു കുട്ടനാട് ബ്രാൻഡ് അരിയെന്ന ആശയം മുന്നോട്ടുവച്ചത്. പിന്നാലെ പ്രഖ്യാപനവുമായി സർക്കാരും രംഗത്തെത്തി.കുട്ടനാടൻ അരിക്ക് അന്തർദേശീയ വിപണിയിൽ പോലും സ്വീകാര്യത ലഭിക്കുമെന്നും കർഷകർക്ക് അതിന്റെ പ്രയോജനം ഉണ്ടാകുമെന്നുമുള്ള വിലയിരുത്തലാണ് സർക്കാരിനെ അതിന് പ്രേരിപ്പിച്ചത്.

എന്നാൽ,​ സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായി എന്നു മാത്രമല്ല,​ നെല്ലുവില കുടിശിക,​ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ താളപ്പിഴകൾ കാർഷിക മേഖലയിൽ ഉടലെടുക്കുകയും ചെയ്തു.

കുട്ടനാട്ടിലെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുകയും നെല്ല് ഇവിടെ തന്നെ അരിയാക്കി ബ്രാൻഡ് ചെയ്ത് കയറ്റി അയച്ചാൽ,​ കർഷക പ്രതിസന്ധിക്ക് വലിയൊരു അളവുവരെ അയവു വരും. എന്നുമാത്രമല്ല,​ കുട്ടനാട്ടിലെ ഇടത്തരം റൈസ് മില്ലുകൾ കർമ്മനിരതമാവും, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കുട്ടനാട്ടിലെ ഓരോ വാർഡുകളിലും രണ്ടും മൂന്നും ഇടത്തരം റൈസ് മില്ലുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ,​ ഇവയെല്ലാം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.

കർഷകനെന്നും കണ്ണീര്

1.കർഷകന്റെ പ്രയത്നത്തിന് അനുസരിച്ച് പ്രയോജനമില്ലാത്ത ഒന്നായി കുട്ടനാട്ടിലെ നെൽകൃഷി ഇതിനകം മാറിക്കഴിഞ്ഞു. 54000 ഹെക്ടിൽ പുഞ്ചകൃഷിയിറക്കിയിരുന്ന കുട്ടനാട് ഉൾപ്പെടുന്ന ജില്ലയിൽ ഇപ്പോൾ 35000 ഹെക്ടറിൽ മാത്രമാണ് കൃഷി

2.കൃഷിച്ചെലവ് കുത്തനെ ഉയർന്നെങ്കിലും നെല്ലിന്റെ താങ്ങുവിലയിൽ മാറ്റമില്ല. കേന്ദ്ര സർക്കാർ വിഹിതത്തിൽ നാമമാത്രമായ വർദ്ധന വരുത്തിയെങ്കിലും സംസ്ഥാന സർക്കാർ സ്വന്തം വിഹിതത്തിൽ നിന്ന് അത് കുറയ്ക്കുകയാണുണ്ടായത്. ഫലത്തിൽ പഴയ താങ്ങുവില തന്നെയാണ് ഇന്നും കർഷകന് ലഭിക്കുന്നത്

3.സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല,​ കൃഷിക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകൾക്ക് നാലും അഞ്ചും മാസം അധിക പലിശ നൽകേണ്ടിയും വരുന്നതായും കർഷകർ പറയുന്നു

കുട്ടനാട് ബ്രാൻഡ് അരി ഉത്പാദിപ്പിച്ച് വിതരണം നടത്തിയാൽ കാർഷിക മേലഖയിൽ പുത്തൻ ഉണർവുണ്ടാകും

- പരമ്പരാഗത കർഷകർ