yhj

ഹരിപ്പാട്: സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ഹരിപ്പാട് മുട്ടം ആറാട്ട് കൊട്ടാരത്തിന് സമീപം നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കാർത്തികപ്പള്ളി താലൂക്ക് ഡ്രൈവിംഗ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് ടെസ്റ്റിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്. മുട്ടം ആറാട്ട് കൊട്ടാരത്തിന് സമീപം മൂന്നരയേക്കർ സ്ഥലത്താണ് ഏറ്റവും പുതിയ നിയമമനുസരിച്ചുള്ള ടെസ്റ്റിംഗ് ഗ്രൗണ്ട്. തുടക്കത്തിൽ ടു വീലർ, ഫോർ വീലർ എന്നിവയ്ക്കാണ് ടെസ്റ്റിംഗ് സൗകര്യം. തുടർന്ന് ഹെവി വെഹിക്കിളുകൾക്കായി "T" ഗ്രൗണ്ടും ടു വീലർ, ഫോർ വീലർ എന്നിവയ്ക്കായി രണ്ടാമത്തെ ഗ്രൗണ്ടിന്റെയും നിർമ്മാണം പൂർത്തിയാക്കും. ടെസ്റ്റ് ദിവസം ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകൾ നടത്തും. മറ്റു ദിവസങ്ങളിൽ ചെറിയ തുകയ്ക്ക് ഡ്രൈവിംഗ് ടെസ്റ്റ് പരിശീലനം നടത്താം. യോഗത്തിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ .വേണുകുമാർ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു ആദ്യ ടെസ്റ്റ് ഫ്ളാഗ് ഓഫ് ചെയ്യും. കായംകുളം ജോയിന്റ് ആർ.ടി.ഒ പ്രദീപ് കുമാർ.ടി.പി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി.ബിജു, അജിത്കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അഭിലാഷ്, ബിജിലാൽ, അബ്ദുൾ റോഷൻ തുടങ്ങിയവർ പങ്കെടുക്കും. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാറിന്റെ പ്രത്യേക താത്പര്യപ്രകാരം എട്ടാം വാർഡിലാണ് സംരംഭം തുടക്കം കുറിക്കുന്നത്.

.......

 ടെസ്റ്റ് ഗ്രൗണ്ടിന് മൂന്നകാൽ കോടി

കായംകുളം റീജണൽ ട്രാൻസ്പോർട്ടിംഗ് ഓഫീസിന്റെ കീഴിലുള്ള എല്ലാവിധ ടെസ്റ്റുകളും ഇനി മുതൽ ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗ്രൗണ്ടിലായിരിക്കും നടക്കുന്നത്. 22 ഡ്രൈവിംഗ് സ്കൂളുകളുടെ കൂട്ടായ്മ മൂന്നേകാൽ കോടി രൂപ മുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടെസ്റ്റിംഗ് ഗ്രൗണ്ട് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ടിൽ വിശാലമായ പാർക്കിംഗ്, വിശ്രമമുറികൾ ഓഫീസ്, ടോയ്ലറ്റ് സംവിധാനങ്ങളുണ്ട്.