
കുട്ടനാട്: വെള്ളത്താൽ ചുറ്റപ്പെട്ട കാവാലം പഞ്ചായത്തിലെ വിവിധ ചെറുതോടുകളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച വലതും ചെറുതുമായ പാലങ്ങൾ തകർന്നിട്ട് വർഷങ്ങളായി. ഇതോടെ ആശുപത്രി, സ്ക്കൂൾ, റേഷൻകട, ആരാധനാലയം എന്നിവിടങ്ങളിൽ എത്തിച്ചേരാനാകാതെ നാട്ടുകാർ ബുദ്ധിമുട്ടിലായി. പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതർക്ക് നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
മതിയായ ഫണ്ടില്ലാത്തതാണ് പാലങ്ങളുടെ പുനർ നിർമ്മാണം വൈകാൻ കാരണമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ, ഇത് വിശ്വസിക്കാൻ തയ്യാറല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ
ഒറ്റക്കെട്ടായി സമരം ചെയ്യുമെന്നും അവർ പറയുന്നു.
ഇരുപതോളം പാലങ്ങൾ അപകടത്തിൽ
കാവാലം പഞ്ചായത്തിലെ 2, 4 വാർഡുകളെ ബന്ധിപ്പിക്കുന്നത്,നടുവത്തുവള്ളി റേഷൻ കടയിലേയ്‌ക്കുള്ളത്, രണ്ടാം വാർഡിലെ കരിയായി ജോയിയുടെ വീടിന് സമീപത്തേത്, 3000 കായലിലെ പഴയ മൂലപ്പീടിക ചിറ കോൺക്രീറ്റ് പാലം എന്നിങ്ങനെ പ്രധാനപ്പെട്ടത് ഉൾപ്പടെ ഇരുപതോളം പാലങ്ങളാണ് തകർന്നുകിടക്കുന്നത്.