മാന്നാർ: ഹെൽത്ത് കേരള ഇൻസ്പെക്ഷന്റെ ഭാഗമായി മാന്നാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, ബേക്കറി, കാറ്ററിംഗ് സെന്റർ,ഇറച്ചി, മത്സൃ വിപണന കേന്ദ്രങ്ങൾ, മറ്റ് ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പഴകിയതും ഉപയോഗ ശൂന്യവുമായ ആഹാരസാധനങ്ങൾ, ഭക്ഷ്യ യോഗ്യമല്ലാത്ത ഉണങ്ങിയ മത്സ്യ ശേഖരം എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതും ജലപരിശോധന, ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങിയ അനുബന്ധ രേഖകൾ ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എന്നാൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാൻ ഉദ്യാഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൃത്യവിലോപം നടത്തിയ സ്ഥാപനങ്ങളുടെ പേര് പുറത്ത് പറയാതിരിക്കുന്നത് പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം.