photo

ആലപ്പുഴ: നെഹ്രുട്രോഫിവള്ളം കളിയുടെ അവിസ്മരണീയ മുഹൂർത്തങ്ങൾ നേർക്കാഴ്ചയാക്കി പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം 'തുഴത്താള'ത്തിന് ആലപ്പുഴ നഗരചത്വരത്തിലെ ലളിതകല അക്കാദമി ഹാളിൽ തുടക്കമായി. മത്സര വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബിന്റെയും നെഹ്രുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. വള്ളംകളിയുടെ ആവേശവും വാശിയും ഒട്ടും ചോരാതെ പകർത്തിയ ചിത്രങ്ങൾ ആസ്വാദകർക്ക് പുത്തൻ അനുഭവമായി. നെഹ്രുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ മീഡിയ അവാർഡ് നേടിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. നെഹ്രുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ സെക്രട്ടറിയും സബ്കളക്ടറുമായ സമീർ കിഷൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ.രജീഷ് കുമാർ, ട്രഷറർ സുരേഷ് തോട്ടപ്പള്ളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സുഭാഷ് ബാബു, അബ്ദുൽസലാം ലബ്ബ, രമേശൻ ചമ്മാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി ഫോട്ടോ ഗ്രാഫർമാരായ വിഷ്ണു കുമരകം, മഹേഷ് മോഹൻ എന്നിവരുടേത് ഉൾപ്പടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. പ്രദർശനം ഇന്ന് സമാപിക്കും.