പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ:ബന്ധമില്ലെന്ന് അസോസിയേഷൻ

ചേർത്തല: സ്വകാര്യബസുമായി ബന്ധപെട്ട തർക്കങ്ങളെ തുടർന്ന് ദേശീയപാതയിലുണ്ടായ അക്രമത്തിൽ കേസെടുക്കാതെ പൊലീസ്.ബുധനാഴ്ച രാത്രി എട്ടോടെ തുറവൂർ പുത്തൻചന്തയിലാണ് ബൈക്ക് യാത്രികനായ സ്വകാര്യ ബസ് ജീവനക്കാരനു നേരേ മറ്റൊരു സ്വകാര്യബസ് ഇടിച്ചുകയറ്റിയതായി പരാതി ഉണ്ടായത്. സംഭവത്തെ തുടർന്ന് ഇടിച്ചുകയറ്റിയ സ്വകാര്യ ബസിന്റെ ചില്ലുകളും തകർത്തു.ബൈക്ക് യാത്രക്കാരനായ ഉളവെയ്പ് സ്വദേശി പ്രവീൺകുമാർ(29)താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ യാത്രക്കാരുമായി വരുകയായിരുന്ന ബസ് തുറവൂർ ലെവൽക്രോസിൽ തടഞ്ഞ് അക്രമിക്കാൻ ശ്രമം ഉണ്ടായിരുന്നെന്നും ഇയാൾ തന്നെ ബസിനെ പിന്തുടർന്ന് പുത്തൻചന്തക്കു സമീപം ബൈക്കു കുറുകെവച്ച് അപ്രതീക്ഷിതമായി തടഞ്ഞു പ്രതിസന്ധി സൃഷ്ടിക്കുകയും,തുടർന്ന് കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടികൊണ്ട് ചില്ലുകൾ തകർത്ത് അക്രമം നടത്തുയായിരുന്നെന്നുമാണ് സ്വകാര്യ ബസുമായി ബന്ധപ്പെട്ടവർ പറയുന്നത്.ബുധനാഴ്ച ജനങ്ങളെ ബന്ധികളാക്കി അപ്രതീക്ഷിതമായ നടന്ന സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് ബസ് തടഞ്ഞ് അക്രമിച്ചതെന്നാണ് ഇവരുടെ വാദം.നാടിനെയും ജനങ്ങളെയും മുൾമുനയിലാക്കിയ സംഭവം നടന്ന് ഒരു ദിവസത്തിലധികം പിന്നിട്ടിട്ടും പൊലീസ് ആരെയും പിടികൂടാത്തതും കേസെടുക്കാത്തതും വ്യാപമായ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.കുത്തിയതോട് പൊലീസ് പരിധിയിലാണ് അക്രമം.