
അരൂർ : എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് നിർമ്മാണ തൊഴിലാളിയടക്കം 6 പേർക്ക് പരിക്കേറ്റു. എരമല്ലൂർ പുളിത്തൂട്ട് ലക്ഷംവീട് കോളനിയിൽ അംബരീഷ് (42), കുത്തിയതോട് ചെമ്പടിപറമ്പ് ഷണ്മുഖദാസ് (41), കോടംതുരുത്ത് പുതുവൽ നികർത്തിൽ സലീല(53), എരമല്ലൂർ കണ്ടത്തിൽ പറമ്പിൽ മനോജ് (34), എറണാകുളം പാലത്ര ഷിജു (40), എലിവേറ്റഡ് ഹൈവേ നിർമ്മാണ തൊഴിലാളി ബീഹാർ സ്വദേശി ആരിഫ് (20 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഷിജുവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ എരമല്ലൂർ മോഹം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൊലെറോ വാൻ, കാർ, രണ്ട് ഓട്ടോ, ബുള്ളറ്റ് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. എരമല്ലൂർ മോഹം ആശുപത്രിക്ക് മുൻവശം ദേശീയപാതയുടെ കിഴക്കുഭാഗത്ത് സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ബൊലേറോ വാൻ കാറിൽ ഇടിച്ചതാണ് തുടക്കം. പിന്നീട് രണ്ട് ഓട്ടോറിക്ഷയിലും ഒരു ബുള്ളറ്റിലും വാൻ ഇടിച്ചു കയറി.എരമല്ലൂർ കാക്കത്തുരുത്ത് റോഡിൽ നിന്ന് കാർ ദേശീയപാതയിലേക്ക് കയറുന്ന സമയത്ത് വടക്കുനിന്ന് പാഞ്ഞു വന്ന ബോലേറോ വാനാണ് കാറിലും മറ്റു വാഹനങ്ങളിലും ഇടിച്ചത്. അപകടത്തെ തുടർന്ന് കിഴക്ക് ഭാഗത്തെ ഒരു വരി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാഹനങ്ങൾ ഭാഗികമായി തകർന്ന നിലയിലാണ്. അരൂർ പൊലീസ് കേസെടുത്തു.