
കുട്ടനാട് : പുഞ്ചകൃഷിക്ക് മുന്നോടിയായി പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികൾക്ക് തുടക്കം കുറിച്ചതോടെ കുട്ടനാട്ടിലെ ആറുകളും തോടുകളും മലിനാമായിത്തുടങ്ങി. രാപകൽ ഭേദമില്ലാതെ മോട്ടോറുകൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി പാടശേഖരങ്ങളിൽ നിന്നു പുറം തള്ളുന്ന മലിനജലത്തിനൊപ്പം പുറത്തേക്ക് വരുന്ന മത്സ്യക്കൂട്ടങ്ങൾ പിന്നീട് ചത്തു പൊങ്ങുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് ജലാശയങ്ങളാകെ മലിനമാകുന്നത്.
മുട്ടാർ, കിടങ്ങറ, രാമങ്കരി, വെളിയനാട്, കാവാലം എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ജലാശയങ്ങളിലാണ് മലിനീകരണം രൂക്ഷമായിട്ടുള്ളത്.
കൃഷിഭവനുകളുടേയോ പഞ്ചായത്തിന്റെയോ നേതൃത്വത്തിൽ പാടശേഖര സമിതികളുടെ യോഗം വിളിച്ച് മോട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിൽ ഒരു നിശ്ചിത സമയക്രമം ഏർപ്പെടുത്താനും ചെറുമത്സ്യങ്ങൾ ജീവൻ നഷ്ടപ്പെട്ട് ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്നതും ദുർഗന്ധം വമിക്കുന്നതും അവസാനിപ്പിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് കെ സുരമ്യ ,വൈസ് പ്രസിഡന്റ് ബോബൻ ജോസ് ചൂരകുറ്റി എന്നിവർ കളക്ടർക്ക് പരാതി നൽകി.
മൂക്കുപൊത്തി നാട്ടുകാർ
കുളിക്കാനും അലക്കാനും ആശ്രയിച്ചിരുന്ന ജലാശയങ്ങൾ മലിനമായതോടെ പ്രദേശവാസികൾ വളരെയേറെ ബുദ്ധിമുട്ടുന്നു
മിക്ക സ്ഥലങ്ങളിലും പേരിന് പോലും പൊതു ടാപ്പുകളില്ല. ഉള്ള ടാപ്പുകളിൽ വെള്ളമെത്തിയിട്ട് വർഷങ്ങളായി
മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതുകാരണം പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്
ഫോട്ടോ-പാടശേഖരങ്ങളിലെ മലിന ജലത്തിനൊപ്പം പുറത്തേക്ക് വന്ന മത്സ്യക്കുഞ്ഞുങ്ങൾ കുട്ടനാടൻ ജലാശയങ്ങളിലാകെ ഒഴുകി നടക്കുന്ന നിലയിൽ