gs

ആലപ്പുഴ: പാർട്ടിയുമായി യുദ്ധം ചെയ്ത് ആരും ജയിക്കില്ലെന്ന് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ പറഞ്ഞു. സി.പി.എമ്മിനെ പോലെ മർദ്ദേനമേറ്റും, ജയിൽവാസം അനുഭവിച്ചും, പട്ടിണി കിടന്നും, രക്ഷസാക്ഷിത്വം വരിച്ചും കെട്ടിപ്പടുത്ത പാർട്ടിക്ക് പെട്ടെന്നൊന്നും സംഭവിക്കില്ല. പാർട്ടിനയങ്ങൾ ബലി കൊടുത്താൽ മാത്രമേ പാർട്ടി നശിക്കുകയുള്ളൂ. കേരളത്തിൽ ഗോർബച്ചേവുമാരില്ല. അടിയുറച്ച പാർട്ടി ഭരണഘടനയുണ്ട്. അർപ്പിതബോധത്തോടെ കമ്മ്യുണിസ്റ്റാവാനെത്തുന്നവരുടെ പ്രസ്ഥാനത്തിലേക്ക് അങ്ങനെയല്ലാത്ത ഒരു വിഭാഗവും കടന്നുകൂടിയിട്ടുണ്ട്.

അൻവർ ഉയർത്തിയ വിവാദങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യും. പി.വി.അൻവറിനെ കാര്യങ്ങൾ പഠിപ്പിച്ച് നല്ല കമ്മ്യൂണിസ്റ്റ് സഹയാത്രികനായി മാറ്റുന്നതിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന നേതാക്കൾക്ക് ശുഷ്കാന്തിയുണ്ടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. ആരാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്ന് തനിക്കറിയില്ല. ആ നേതാക്കൾ ഇടപെട്ട് അദ്ദേഹത്തെ തിരുത്താൻ ശ്രമിക്കണമായിരുന്നു. ആശയം, രാഷ്ട്രീയം, സംഘടന എന്നീ മൂന്ന് തലങ്ങളിൽ ഉറങ്ങിക്കിടന്ന പാർട്ടിക്ക് ഉണർവുണ്ടായി എന്നതാണ് അൻവർ വഴിയുണ്ടായ സേവനം. അൻവർ വീണ്ടുവിചാരം നടത്തുന്നത് നന്നായിരിക്കുമെന്നും ജി.സുധാകരൻ പറഞ്ഞു.