1800 പൊലീസുകാരെ വിന്യസിച്ചു

ആലപ്പുഴ : നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി കരയിലും കായലിലും സുരക്ഷ ശക്തമാക്കി പൊലീസ്. പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്‌ടറുകളായി തിരിച്ച് എസ്.പിയുടെ നേതൃത്വത്തിൽ 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 17ഡിവൈ.എസ്.പിമാരും 41 സി.ഐമാരും 355 എസ്.ഐമാരും നേതൃത്വം നൽകും. പുന്നമടക്കായലിൽ 47 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു.

പുന്നമട ഭാഗം പൂർണ്ണമായും സി.സി.ടി.വി കാമറാ നിരീക്ഷണത്തിലാകും.

മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും വീഡിയോ കാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരസമയം കായലിൽ ചാടി മത്സരം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.

പണം മുടക്കി പാസെടുക്കുന്നവർക്ക് കൃത്യമായ സീറ്റ് ലഭിക്കുന്നില്ലെന്ന ആക്ഷേപംഒഴിവാക്കാൻ പാസ്സുള്ളവരെ മാത്രം കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയന്റിലെ പ്രധാന കവാടത്തിൽ ബാരിക്കേഡ് സ്ഥാപിക്കും.

ഇന്ന് രാവിലെ 6 മുതൽ പാസ്സില്ലാത്ത ആരെയും പവലിയൻ ഭാഗത്തേക്ക് കടത്തി വിടില്ല.

പാസോ ടിക്കറ്റോ ആയി പവലിയനിൽ പ്രവേശിച്ചശേഷം വള്ളംകളി തീരുംമുമ്പ് പുറത്തുപോയാൽ പിന്നിട് തിരികെ പ്രവേശിപ്പിക്കുന്നതല്ല.

ഇന്ന് രാവിലെ 8ന് ശേഷം ഒഫിഷ്യൽസിന്റെ അല്ലാത്ത ബോട്ടു കളും. സ്‌പീഡ്‌ ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിപ്പിക്കില്ല.

അനൗൺസ്മെൻ്റ് / പരസ്യബോട്ടുകൾ രാവിലെ 8ന് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാനോ മൈക്ക് സെറ്റു കൾ പ്രവർത്തിപ്പിക്കാനോ പാടില്ല.
വളളം കളികാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10 ന് മുൻപ് സ്ഥലത്ത് എത്തിച്ചേരണം. വള്ളംകളി സ്ഥലത്ത് പരസ്യമദ്യപാനം തടയുന്നതിന് റെയ്‌ഡുകൾ നടത്താൻ ഷാഡോപൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഗതാഗതനിയന്ത്രണം

 രാവിലെ 6 മുതൽ നഗരത്തിൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിംഗ് അനുവദിക്കില്ല

 ജില്ലാ കോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്‌ഷൻ വരെ ഇന്ന് രാവിലെ 7മുതൽ വൈകിട്ട് 7വരെ വാഹനഗതാഗതം അനുവദിക്കില്ല

 വൈ.എം.സി.എ തെക്കേ ജംഗ്ഷൻ മുതൽ കിഴക്ക് ഫയർഫോഴ്‌സ് ഓഫീസ് വരെ കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനഗതാഗതം അനുവദിക്കില്ല.
 തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. എറണാകുളത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ വഴി എസ്സ്.ഡി.വി സ്കൂൾ ഗ്രൗണ്ടിലെത്തി പാർക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തു കൂടി വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം.

താൽക്കാലിക റെഡ്സോൺ;

ഡ്രോണിന് വിലക്ക്

നെഹ്‌റു ട്രോഫി ജലമേള നടക്കുന്ന ട്രാക്കിന് 100മീറ്റർ ചുറ്റളവിലുളള പ്രദേശം താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100മീറ്റർ ചുറ്റളവിൽ ഔദ്യോഗിക, നീരീക്ഷണ ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോണുകൾ പ്രവർത്തിപ്പിച്ചാൽ അവ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.