അമ്പലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ ഫോട്ടോസ്റ്റാറ്റ് മെഷ്യൻ ഇല്ലാത്തത് രോഗികളെ വലക്കുന്നു. ചികിത്സാ രേഖകളുടെ പകർപ്പെടുക്കാൻ രോഗികൾ നെട്ടോട്ടത്തിലാണ് . കിടപ്പ് രോഗികളെ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജു ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഡിസ്ചാർജ് കാർഡിന്റെ പകർപ്പ് ആവശ്യമാണ്. ഒ. പി ടിക്കറ്റിലെ പേര് തിരുത്താനും ആശുപത്രിയിലെ റെക്കാഡ് ലൈബ്രറിയിൽ ഹാജരാക്കുന്നതിനും രേഖകളുടെ പകർപ്പ് നിർബന്ധമാണ്. പകർപ്പെടുക്കണമെങ്കിൽ നിലവിൽ രോഗികളോ കൂട്ടിരിപ്പുകാരോ 200 മീറ്ററോളം നടന്ന് ആശുപത്രിക്ക് പുറത്തെത്തി വേണം കോപ്പികൾ എടുക്കാൻ .ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.വാർഡിൽ കിടക്കുന്ന രോഗികളെ ഡോക്ടർമാർ ഉച്ചയോടെ ഡിസ്ചാർജ് ആക്കുമെങ്കിലും രേഖകളുടെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് നൽകി, ആരോഗ്യ ഇൻഷുറൻസ് കേന്ദ്രത്തിൽ സമർപ്പിച്ചു കഴിയുമ്പോൾ വൈകുന്നേരമാകും. ദൂരെ നിന്ന് വരുന്ന രോഗികൾക്കും ബന്ധുക്കൾക്കും ഇത് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.കെട്ടിട സമുച്ചയങ്ങളും നിരവധി ആധുനിക യന്ത്രങ്ങളും വാങ്ങുമ്പോഴും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുനേരെ അധികൃതർ കണ്ണടക്കുകയാണെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.
..........
# ഷോർട്ട് സർക്യൂട്ടിൽ കേടായി മെഷ്യൻ
2018ൽ ആശുപത്രിയിലെ പഴയ ബ്ലോക്കിൽ മെഡിക്കൽ സ്റ്റോറിനോട് ചേർന്ന് പണം നൽകി കോപ്പികൾ എടുക്കാൻ അന്നത്തെ സൂപ്രണ്ട് ഫോട്ടോസ്റ്റാറ്റ് മെഷ്യൻ സ്ഥാപിക്കുകയും താത്കാലികമായി ജീവനക്കാരനെ നിയമിക്കുകയും ചെയ്തിരുന്നു. പിന്നീട് സൂപ്രണ്ട് ഓഫീസിന് സമീപത്തേക്ക് ഇത് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.പിന്നീട് ഷോർട്ട് സർക്യൂട്ടിൽ മെഷ്യൻ കേടാകുകയും കോപ്പി എടുക്കുന്നത് നിറുത്തലാക്കുകയുമായിരുന്നു.