sasthar-pradarshanam

മാന്നാർ: അറിവ് വായിച്ച് മാത്രമല്ല,​ തൊട്ടും കണ്ടും സ്വായത്തമാക്കേണ്ടതാണെന്ന അഭിപ്രായക്കാരനാണ് മുൻ അദ്ധ്യാപകനായ ടോമി. ഈ തിരിച്ചറിവിൽ കേരളത്തിലെ സ്‌കൂളുകൾ തോറും ശാസ്ത്ര പ്രദർശനം നടത്തുകയാണ് മലപ്പുറം നിലമ്പൂർ എടക്കര സ്വദേശിയായ അദ്ദേഹം. ചെങ്ങന്നൂർ താലൂക്കിലെ മാന്നാർ, ബുധനൂർ, പുലിയൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ശാസ്ത്ര പ്രദർശനം. കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്‌കൂളിലും പ്രദർശനം നടന്നു.

നിലമ്പൂർ താളിപ്പാടം പി.എം.എം യു.പി സ്‌കൂളിൽ നിന്ന് വിരമിച്ച സയൻസ് അദ്ധ്യാപകനാണ് ടോമി എടക്കര. വിദ്യാർത്ഥികളിൽ ശാസ്ത്ര വിജ്ഞാനത്തിൽ അവബോധം വളർത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിച്ച് നൽകിയും കേരളത്തിലെ 900 ബി.ആർ.സി കളിൽ സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ ലേർണിംഗ്‌ ടീച്ചേർസ് കേരളയിൽ അംഗമായ ടോമി എടക്കര സ്വന്തമായിട്ടാണ് ശാസ്ത്ര പ്രദർശനം ഒരുക്കുന്നത്.

കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തെ തൊട്ടറിയാൻ അറുപതോളം ഉപകരണങ്ങൾ നിർമ്മിച്ച് ഒരുമാസം കൊണ്ട് കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ബ്ലൈൻഡ് സ്‌കൂളുകളിൽ പ്രദർശനം നടത്തിയ

ചരിത്രവും ടോമി എടക്കരയ്ക്കുണ്ട്. പ്രദർശനത്തിനൊടുവിൽ പാലക്കാട് ജില്ലയിലെ ബ്ലൈൻഡ് സ്‌കൂളിന് ഉപകരണങ്ങളെല്ലാം സമർപ്പിക്കുകയായിരുന്നു.

മുന്നൂറ് പിന്നിട്ട പ്രദർശനങ്ങൾ

ശാസ്ത്ര പ്രദർശനത്തിനുള്ള ഉപകരണങ്ങളുമായി സ്വന്തം കാറിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് ഒരു ദിവസം മുമ്പേ സ്‌കൂളുകളിലെത്തി ക്‌ളാസുകൾ നൽകി അവരിലൂടെ പ്രദർശനം കാണാനെത്തുന്ന വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതാണ് ടോമി എടക്കരയുടെ രീതി.

അദ്ധ്യാപകനായിരിക്കെ തുടങ്ങിയ ശാസ്ത്ര പ്രദർശനം ആറു വർഷം കൊണ്ട് മുന്നൂറിലേറെ സ്‌കൂളുകൾ പിന്നിട്ടു. ഭാര്യ സ്മിതയും സയൻസ് അദ്ധ്യാപികയാണ്.മകൾ അലീന ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയാണ്.

ശാസ്‌ത്ര പ്രദർശനങ്ങൾ വിദ്യാർത്ഥികളിൽ ശാസ്‌ത്രീയ ചൈതന്യം സൃഷ്‌ടിക്കുകയും ചിന്താശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. അങ്ങനെ ക്രിയാത്മകവും അന്വേഷണാത്മകവുമാകാൻ കഴിയും

- ടോമി എടക്കര