
മാന്നാർ: ജാതി മത ഭേദമില്ലാതെ സമൂഹത്തിന്റെ ഉന്നതിക്ക് ഉണർവേകാനും അതിലൂടെ ഒരു നാടിന്റെ വളർച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും നേതൃത്വം നൽകാനും മാന്നാർ നായർ സമാജത്തിനു കഴിഞ്ഞതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പറഞ്ഞു. മാന്നാർ നായർ സമാജത്തിന്റെ 122-ാം ജന്മദിനാഘോഷം അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡോ.ബി.അനന്തകൃഷ്ണൻ. സമാജം പ്രസിഡന്റ് എ.ഹരീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമാജാംഗങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ വായുസേനയിൽ നിന്നും എയർ വൈസ്മാർഷലായി വിരമിച്ച സമാജാംഗം പി.കെ ശ്രീകുമാർ, അപകടത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സമാജാംഗം ശ്രീ ഭുവനേശ്വരിസ്‌കൂൾ ബസ്‌ഡ്രൈവർ കെ.സി .ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ നന്ദു നാരായണനെ അനുമോദിക്കുകയും ചെയ്തു. സമാജം മുൻ പ്രസിഡന്റ് ഡോ.കെ.ബാലകൃഷ്ണപിള്ള, നായർ സമാജം എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻനായർ, എയർ വൈസ്മാർഷൽ പി.കെ ശ്രീകുമാർ വി.എസ്.എം(റിട്ട.) എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി പി.ആർ ഹരികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൽ.പി സത്യപ്രകാശ് നന്ദിയും പറഞ്ഞു.