cds-pariselanam

മാന്നാർ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാലസഭാ -ബാലസദസിന്റെ വാർഡ് തല റിസോഴ്‌സ് പേഴ്സൻമാർക്കുള്ള ഏകദിന പരിശീലന പരിപാടിയും സംഘാടക സമിതി രൂപീകരണവും നടന്നു. സി.ഡി.എസ് ചെയർപേഴ്സൻ ഗീത ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. രത്നകുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ അവകാശങ്ങളും കടമകളും ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായ ബാലസദസ് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മാന്നാർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സംഘടിപ്പിക്കും. ആറാം വാർഡിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടക്കും. ബാലസഭ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ ലേഖന കുമാരി പരിശീലനത്തിനു നേതൃത്വം നൽകി. മുന്നൊരുക്ക പ്രവർത്തനങ്ങളായ കോലായാക്കൂട്ടങ്ങൾ, സ്റ്റാറ്റസ് പോസ്റ്റർ, റീൽസ്, ചോദ്യപ്പെട്ടി, പോസ്റ്റർ രചന, ഫ്ലാഷ് മൊബ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ പൂർത്തിയാക്കി. സി.ഡി.എസ് അംഗം ശുഭ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, പുഷ്പലത, സലിം പടിപ്പുരക്കൽ, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത. പി.ജെ സി.ഡി.എസ് അംഗങ്ങൾ, റിസോഴ്സ് പേഴ്സൻമാർ എന്നിവർ പങ്കെടുത്തു.