ജലമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: പ്ലാറ്റിനം ജൂബിലി നിറവിലെത്തിയ നെഹ്റുട്രോഫി ജലമേളയുടെ ആരവത്തിലാണ് ആലപ്പുഴ. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുന്നമട നെഹ്റു പവലിയനിലൊരുക്കിയ വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയിലെ പുഷ്പ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
എൻ.ടി.ബി.ആർ സുവനീറിന്റെ പ്രകാശനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിക്കുള്ള മെമന്റോ കൈമാറും. എം.എൽ.എമാരായ രമേശ് ചെന്നിത്തല, തോമസ്.കെ. തോമസ്, യു.പ്രതിഭ, എം.എസ്.അരുൺ കുമാർ, ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആലപ്പുഴ മുൻസിപ്പൽ ചെയർപെഴ്സൺ കെ.കെ.ജയമ്മ എന്നിവർ പങ്കെടുക്കും.
പങ്കെടുക്കുന്നത് 74 വള്ളങ്ങൾ
ചുണ്ടൻ - 19
ചുരുളൻ-3
ഇരുട്ടുകുത്തി എ ഗ്രേഡ്-4
ഇരുട്ടുകുത്തി ബി ഗ്രേഡ്-16
ഇരുട്ടുകുത്തി സി ഗ്രേഡ്-14
വെപ്പ് എ ഗ്രേഡ്-7
വെപ്പ് ബി ഗ്രേഡ്-4
തെക്കനോടി തറ-3
തെക്കനോടി കെട്ട്-4
ആദ്യം ചെറുവള്ളങ്ങളുടെ മത്സരം
രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം 3.45 മുതലാണ് ഫൈനൽ മത്സരങ്ങൾ. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്ടനായ അലൻ മൂന്ന്തൈക്കൽ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആർ.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. കളക്ടർ അലക്‌സ് വർഗീസ് സ്വാഗതവും സെക്രട്ടറി സബ് കളക്ടർ സമീർ കിഷൻ നന്ദിയും പറയും. മൂന്ന് മുതൽ ജലകായിക ഇനങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും.