p

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്ക് പിന്തള്ളി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (പി.ബി.സി) തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ ജേതാക്കളായി.

പി.ബി.സിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. നെഹ്റു ട്രോഫിയിലെ റെക്കാഡുമാണ്. പതിനാറാം തവണയാണ് കാരിച്ചാൽ നെഹ്റുട്രോഫി ജേതാക്കളാകുന്നത്.

കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം മൂന്നാമതായും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം നാലാമതായും ഫിനിഷ് ചെയ്തു. പുന്നമടക്കായലിൽ നടന്ന മത്സരം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. ജലമേളയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഫിനിഷിംഗ് സമയമായ 4.14.82 എന്ന 2017ലെ പായിപ്പാട് ചുണ്ടന്റെ റെക്കാഡ് ഇന്നലെ നടന്ന ഹീറ്റ്സ് മത്സരത്തിൽ 4.14.35ൽ കാരിച്ചാൽ മറികടന്നു. വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഫൈനൽ ഫലം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ് ട്രോഫി ഏറ്റുവാങ്ങിയില്ല.

ഫൈനലിൽ വള്ളങ്ങൾ ഫിനിഷ് ചെയ്ത സമയം (മിനിറ്റിൽ)

കാരിച്ചാൽ - 4.29.785

വീയപുരം - 4.29.790

നടുഭാഗം - 4.30.13

നിരണം - 4.30.56

മറ്റ് വിജയികൾ

ലൂസേഴ്സ് ഫൈനൽ

തലവടി ചുണ്ടൻ (യു.ബി.സി കൈനകരി) - 4.34.10

പായിപ്പാടൻ (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ്) - 4.44.43

ചമ്പക്കുളം (പുന്നമട ബോട്ട് ക്ളബ്) - 4.45.30

മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്ബ്) - 5.01.76

സെക്കൻഡ് ലൂസേഴ്സ് ഫൈനൽ

വലിയദിവാൻജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്)- 4.56.82

സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്ബ്, മങ്കൊമ്പ്)- 5.02.44

മൂന്നാം ലൂസേഴ്സ് ഫൈനൽ

ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബ്)- 5.37.24

ചെറുതന പുത്തൻ ചുണ്ടൻ (ന്യൂ ചെറുതന ബോട്ട് ക്ലബ്ബ് ആയാപറമ്പ്) - 5.39.65